അഭിഷേക് ശർമയെ പിന്തള്ളി ഇഷാൻ കിഷൻ ടി20 റാങ്കിങ്ങിൽ ലോക ഒന്നാമൻ

 
Sports

ദുബായ്: ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ ഐസിസി പുരുഷ ടി20 അന്താരാഷ്ട്ര ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. സഹതാരം അഭിഷേക് ശർമയെ പിന്തള്ളിയാണ് ഇഷാൻ ആദ്യമായി ലോക ഒന്നാം നമ്പർ ടി20 ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയത്. 

അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇഷാനെ റാങ്കിങ്ങിൽ മുന്നിലെത്തിച്ചത്. ഇതോടെ വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ എന്നിവർക്കുശേഷം ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമായി ഇഷാൻ മാറി. 

ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇഷാൻ കിഷന് 876 റേറ്റിങ് പോയിന്റാണുള്ളത്. അഭിഷേക് ശർമ 869 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്താന്റെ സാഹിബ്സാദ ഫർഹാൻ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് നാലാം സ്ഥാനത്തുമാണ്. 

2026 ടി20 ലോകകപ്പിലെയും തുടർന്നുള്ള പരമ്പരകളിലെയും സ്ഥിരതയാർന്ന പ്രകടനമാണ് ഇഷാന്റെ കുതിപ്പിന് അടിത്തറയായത്. ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഇഷാൻ തുടർച്ചയായി മികച്ച ഇന്നിങ്‌സുകൾ പുറത്തെടുത്തിരുന്നു. 

അതേസമയം, ടെസ്റ്റ് റാങ്കിങ്ങിലും മാറ്റമുണ്ടായി. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.