തമിഴ്നാട്ടിൽ ഐഎസ്ആർഒയുടെ അടുത്തതലമുറ റോക്കറ്റ് എൻജിൻ പരീക്ഷണം വിജയകരം; ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായക നേട്ടം

 
Science

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ (ISRO) അടുത്ത തലമുറ സെമി-ക്രയോജനിക് റോക്കറ്റ് എൻജിന്റെ വികസനത്തിൽ നിർണായക മുന്നേറ്റം കൈവരിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരി ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ (IPRC) സെമി-ക്രയോജനിക് എൻജിന്റെ പവർ ഹെഡിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പരീക്ഷണത്തിൽ എൻജിൻ ലക്ഷ്യമിട്ട ത്രസ്റ്റിന്റെ 88 ശതമാനം കൈവരിച്ചതായും വ്യക്തമാക്കി. 

ഈ പരീക്ഷണം ഭാവിയിലെ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന്റെ (NGLV) വികസനത്തിൽ നിർണായക ഘട്ടമാണെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ. നിലവിലെ വികാസ് എൻജിനുകളേക്കാൾ കൂടുതൽ കാര്യക്ഷമതയും കൂടുതൽ പേലോഡ് വഹിക്കാനുള്ള ശേഷിയും പുതിയ സെമി-ക്രയോജനിക് എൻജിന് ഉണ്ടാകും. ഇതിലൂടെ വിക്ഷേപണച്ചെലവ് കുറയ്ക്കാനും ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ ശേഷിയുള്ളതാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 

ദ്രാവക ഓക്സിജനും (LOX) ശുദ്ധീകരിച്ച മണ്ണെണ്ണയും (കെറോസീൻ) ഇന്ധനമായി ഉപയോഗിക്കുന്ന ഈ സെമി-ക്രയോജനിക് എൻജിൻ, ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനും ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ദീർഘദൂര ബഹിരാകാശ പദ്ധതികൾക്കും കരുത്തേകും. കൂടാതെ ഭാവിയിൽ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിലയിരുത്തൽ. 

ഐഎസ്ആർഒയുടെ ദീർഘകാല ബഹിരാകാശ പദ്ധതികളായ മനുഷ്യദൗത്യങ്ങൾ, കൂടുതൽ ശേഷിയുള്ള റോക്കറ്റുകൾ, ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണങ്ങൾ എന്നിവയ്ക്ക് ഈ പരീക്ഷണം ശക്തമായ സാങ്കേതിക അടിത്തറ ഒരുക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.