'അത് ഭ്രാന്തമായ യാദൃശ്ചികത'; യമാലിനൊപ്പമുള്ള വൈറൽ ബാല്യകാല ചിത്രം കണ്ട് മെസ്സിയുടെ പ്രതികരണം

 
Sports

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ യുവതാരം ലമീൻ യമാലിനെ നേരിടാനിരിക്കെ, ഇരുവരും ഒന്നിച്ചുള്ള വർഷങ്ങൾ പഴക്കമുള്ള വൈറൽ ചിത്രത്തെക്കുറിച്ച് ലയണൽ മെസ്സി ആദ്യമായി പ്രതികരിച്ചു. കുഞ്ഞായിരുന്ന യമാലിനെ കൈയിലെടുത്തിരിക്കുന്ന ചിത്രം വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന്, "അത് ശരിക്കും ഭ്രാന്തമായ യാദൃശ്ചികതയാണ്. വിശ്വസിക്കാൻ പോലും പ്രയാസമാണ്," എന്നാണ് മെസ്സി പറഞ്ഞത്. 

2007-ൽ ബാഴ്സലോണയും യുനിസെഫും ചേർന്ന് സംഘടിപ്പിച്ച ചാരിറ്റി ഫോട്ടോഷൂട്ടിനിടെയാണ് അന്ന് 20 വയസ്സുകാരനായിരുന്ന മെസ്സിയും ഏതാനും മാസം മാത്രം പ്രായമായിരുന്ന യമാലും ഒരേ ഫ്രെയിമിൽ എത്തിയത്. വർഷങ്ങൾക്കുശേഷം യമാലിന്റെ പിതാവ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് അത് ലോകമെമ്പാടും ശ്രദ്ധ നേടിയത്. 

ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി യമാൽ വളർന്നുവന്നത് അത്ഭുതകരമാണെന്നും, ഇപ്പോൾ ലോകകപ്പ് ഫൈനലിൽ എതിരാളികളായി നേർക്കുനേർ എത്തുന്നത് ഫുട്ബോളിലെ ഏറ്റവും മനോഹരമായ കഥകളിലൊന്നാണെന്നും മെസ്സി പറഞ്ഞു. അതേസമയം, ഫൈനലിൽ യമാലിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരിക്കട്ടെയെന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.