‘തീയിൽ എണ്ണയൊഴിക്കുന്നതിന് സമാനം’; യുക്രെയ്ന് ബ്രിട്ടൻ മിസൈൽ സഹായം നൽകുന്നതിനെതിരെ റഷ്യ
യുക്രെയ്ന് മിസൈൽ സാങ്കേതികവിദ്യയും സഹായവും നൽകാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി റഷ്യ. ബ്രിട്ടൻ യുക്രെയ്ൻ സംഘർഷത്തിൽ സമാധാന ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണെന്നും ക്രെംലിൻ ആരോപിച്ചു.
യുക്രെയ്ന് ദീർഘദൂര SCALP ക്രൂസ് മിസൈലുകൾ ആഭ്യന്തരമായി നിർമിക്കാൻ ആവശ്യമായ ബ്രിട്ടീഷ് ഘടകങ്ങളുടെ വിവരങ്ങൾ പ്രതിരോധ കമ്പനിയായ MBDAക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസും ബ്രിട്ടനും നേരത്തെ തന്നെ യുക്രെയ്ന് SCALP മിസൈലുകൾ നൽകിയിട്ടുണ്ട്.
ബ്രിട്ടന്റെ നീക്കം സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. ബ്രിട്ടൻ ‘തീയിൽ എണ്ണയൊഴിക്കുന്ന’ സമീപനമാണ് തുടരുന്നതെന്നും സമാധാന പ്രക്രിയയിൽ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മിസൈൽ നിർമാണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും അവ നശിപ്പിക്കുന്നതിനുമായി റഷ്യൻ സേന രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പെസ്കോവ് മുന്നറിയിപ്പ് നൽകി. അതേസമയം, യുക്രെയ്നുള്ള സൈനിക പിന്തുണ തുടരുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.