ഇനിയും നിലവാരത്തിനൊത്ത പിച്ചല്ല'; ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഹരാരെ പിച്ചിനെ വിമർശിച്ച് സിക്കന്ദർ റാസ
ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20യിൽ ഏഴ് വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ ഹരാരെ സ്പോർട്സ് ക്ലബ്ബിലെ പിച്ചിനെ വിമർശിച്ച് സിംബാബ്‌വെ നായകൻ സിക്കന്ദർ റാസ. മത്സരശേഷം സംസാരിച്ച റാസ, പിച്ച് നിലവാരത്തിനൊത്തതായിരുന്നില്ലെന്നും രാവിലെ ഉണ്ടായിരുന്ന ഈർപ്പം പ്രതീക്ഷിച്ചതിലും കൂടുതൽ സമയം നിലനിന്നത് ബാറ്റിങ് ദുഷ്കരമാക്കിയെന്നും പറഞ്ഞു.
പുതിയ പന്തിൽ കൂടുതൽ ചലനമുണ്ടായതിനാൽ തുടക്കത്തിൽ ബൗണ്ടറികൾ കണ്ടെത്താൻ ടീമിന് കഴിഞ്ഞില്ലെന്നും, അതാണ് സമ്മർദം വർധിപ്പിച്ചതെന്നും റാസ വ്യക്തമാക്കി. അടുത്ത മത്സരത്തിൽ മികച്ച പിച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിച്ചിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സ്വന്തം ടീമിന്റെ പ്രകടനവും പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ലെന്നും റാസ സമ്മതിച്ചു. പരമ്പരയിൽ ശക്തമായി തിരിച്ചുവരാൻ ടീമിന് കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.