'ജന നായകൻ' യുകെയിൽ റെക്കോർഡ് തുടക്കം; ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനകം ആയിരക്കണക്കിന് ടിക്കറ്റുകൾ വിറ്റു

 
Entertainment

നടൻ വിജയ്യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ജന നായകൻ' യുകെയിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനകം തന്നെ ആയിരക്കണക്കിന് ടിക്കറ്റുകൾ വിറ്റതായി വിതരണക്കാർ അറിയിച്ചു. ചിത്രത്തിന്റെ റിലീസിനായുള്ള ആരാധകരുടെ വലിയ ആവേശമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. 

യുകെയിലെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അറിയിച്ചു. വിജയിന്റെ സിനിമാജീവിതത്തിലെ അവസാന ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്ന ജന നായകൻ റിലീസിന് മുമ്പേ വിദേശ വിപണിയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. 

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയമണി, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെൻസർ നടപടികൾ പൂർത്തിയായതിനെ തുടർന്ന് ചിത്രം ജൂലൈ 24-ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് തീരുമാനം.