കൊച്ചിയിൽ മഞ്ഞപ്പിത്തം വർധിക്കുന്നു; മൂന്ന് മരണം

 
Kochi

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. വേങ്ങൂർ പഞ്ചായത്തിലാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചവരെ കണ്ടെത്തിയത്. ഇതുവരെ നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസ് (ഡിഎംഒ) അറിയിച്ചു.

ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഇതുവരെ മൂന്ന് പേർ മരിച്ചു. വേങ്ങൂർ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലാണ് കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 17നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.ഇവിടെയുള്ള പൊതുജലവിതരണ പദ്ധതിയിലെ വെള്ളം ഉപയോഗിച്ചവരിലാണ് രോഗം കണ്ടെത്തിയത്.

ഇതേത്തുടർന്ന് ഇവിടുത്തെ വെള്ളം സൂപ്പർക്ലോറിനേറ്റ് ചെയ്തു. പൊട്ടിയ പൈപ്പുകൾ നന്നാക്കാനും പരിശോധന നടത്താനും ജല അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. എല്ലാ മെഡിക്കൽ ഓഫീസർമാർക്കും അടിയന്തര നടപടി സ്വീകരിക്കാൻ ഡിഎംഒ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കണം

1. മഞ്ഞപ്പിത്തം ബാധിച്ചവർ ആശുപത്രിയിൽ ചികിത്സ തേടണം
2. പ്രത്യേക പ്ലേറ്റും ഗ്ലാസും രോഗിക്ക് നൽകണം
3. രോഗിയും രോഗിയെ പരിചരിക്കുന്നവരും പുറത്തിറങ്ങരുത്
4. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക