ജയസൂര്യയുടെ പാൻ-ഇന്ത്യൻ ത്രില്ലർ ‘ഓപ്പറേഷൻ ട്രാൽ’; മുരളി ശർമയും ചിത്രത്തിൽ
ജയസൂര്യ നായകനാകുന്ന പാൻ-ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ട്രാൽ’ എന്ന ചിത്രത്തിൽ മുരളി ശർമയും പ്രധാന വേഷത്തിലെത്തും. മുരളി ശർമയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ താരത്തിന്റെ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഓപ്പറേഷനുകളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ജയസൂര്യ എൻഐഎ ഉദ്യോഗസ്ഥനായ ഹർഷവർധൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ജമ്മു കശ്മീരിലെ ട്രാൽ മേഖലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിലുണ്ടായ ശ്രദ്ധേയമായ ഏറ്റുമുട്ടലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കശ്മീരിലെ ഒരു വാഹനവ്യൂഹത്തിന് നേരെയുണ്ടാകുന്ന ആക്രമണവും തുടർന്ന് നടക്കുന്ന രഹസ്യാന്വേഷണ നീക്കങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ട്.
റിതിക സിങ്, വിനയ് റായ്, അമൈറ ദസ്തൂർ, സിദ്ദിഖ്, സായ്കുമാർ, ആൻസൺ പോൾ, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജോബി ജോർജ് താടത്തിൽ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നു.
കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസ്സൂറി, ലഡാക്ക് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ഓപ്പറേഷൻ ട്രാൽ’ നിലവിൽ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്.