ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസണ്‍-2 ഫെബ്രുവരി 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത്

 
cricket

തിരുവനന്തപുരം: വന്‍ വിജയമായി മാറിയ ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗിന്റെ (ജെ സി എല്‍) സീസണ്‍-2 തിരുവനന്തപുരത്ത്. ഫെബ്രുവരി 18 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ആണ് ടൂര്‍ണമെന്റ് നടക്കുക. പത്രപ്രവര്‍ത്തക യൂണിയന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പ്രസ് ക്ലബ്ബുകളുടെയും ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാംസ്ഥാനക്കാര്‍ക്ക് അരലക്ഷം രൂപയും ട്രോഫിയും ലഭിക്കും. ഡല്‍ഹി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളെയും പ്രതീക്ഷിക്കുന്നു. ജില്ലകളില്‍ നിന്നുള്ള വനിതാ ടീമുകളുടെ മത്സരങ്ങളും സംഘടിപ്പിക്കും. 

രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉദ്ഘാടന സമാപന ചടങ്ങുകളില്‍ മുഖ്യാതിഥികളാകും. സെലിബ്രിറ്റി ടീമുകളുടെ സൗഹൃദ മത്സരങ്ങളും അരങ്ങേറും. കെ യു ഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സീസണ്‍-2ന്റെ മുഖ്യ സംഘാടകര്‍. ജെ സി എല്‍ സീസണ്‍-1 2022 ല്‍ തൊടുപുഴയിലാണ് നടന്നത്. ഇടുക്കി ജില്ലാ കമ്മറ്റിയായിരുന്നു സംഘാടകര്‍. മാധ്യമപ്രവര്‍ത്തകരുടെ ഐക്യവും കൂട്ടായ്മയും ഊട്ടിഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും ജെസിഎല്‍ സംഘടിപ്പിക്കുന്നത്. 

കേസരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം. വി. വിനീത, ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, സെക്രട്ടറി അനുപമ ജി നായര്‍ എന്നിവർ പങ്കെടുത്തു.