14-ാം വയസ്സിൽ തുടങ്ങിയ യാത്ര; 20-ാം വയസ്സിൽ അമ്മയെ ജോലിയിൽനിന്ന് വിരമിപ്പിച്ച് ബിഹാർ യുവാവ്
ബിഹാറിൽ നിന്നുള്ള 20കാരന്റെ അസാധാരണമായ സാമ്പത്തിക മുന്നേറ്റം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കോളജ് ബിരുദമില്ലാതെയാണ് ഓൺലൈൻ ഫ്രീലാൻസിങ്ങിലൂടെയും വെബ്3 മേഖലയിലെ ജോലികളിലൂടെയും പ്രതിമാസം ഏകദേശം 4 ലക്ഷം രൂപ വരുമാനം നേടുന്നതെന്നാണ് യുവാവിന്റെ അവകാശവാദം.
14-ാം വയസ്സിൽ ഡിസൈൻ, എഡിറ്റിങ് കഴിവുകൾ സ്വയം പഠിച്ചാണ് യുവാവ് കരിയർ ആരംഭിച്ചത്. ഇ-സ്പോർട്സ് ടീമുകൾക്കായി ഗ്രാഫിക്സ് ഡിസൈൻ ചെയ്തായിരുന്നു തുടക്കം. പിന്നീട് നോയിഡയിലെ ഒരു വെബ്3 മാർക്കറ്റിങ് ഏജൻസിയിൽ പ്രതിമാസം 15,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തു. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ജോലി ഉപേക്ഷിച്ച് ബിഹാറിലേക്ക് മടങ്ങുകയായിരുന്നു.
തുടർന്ന് സൗജന്യമായി ബ്രാൻഡുകൾക്കും ടെക് കമ്മ്യൂണിറ്റികൾക്കുമായി ഡിസൈൻ ജോലികൾ ചെയ്താണ് പുതിയ ക്ലയന്റുകളെ കണ്ടെത്തിയത്. പിന്നീട് സോഷ്യൽ മീഡിയ ഗ്രാഫിക്സ്, വെബ്3 മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 2025–26 സാമ്പത്തിക വർഷത്തിൽ ഏകദേശം 12 ലക്ഷം രൂപ നേടിയെന്നും ഈ സാമ്പത്തിക വർഷം ശരാശരി പ്രതിമാസം 4,000 ഡോളറോളം വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
വരുമാനം ഉയർന്നതോടെ അടിയന്തര ഫണ്ട് സമ്പാദിക്കുകയും ഏറെ ആഗ്രഹിച്ചിരുന്ന ലാപ്ടോപ്പ് വാങ്ങുകയും ചെയ്തതായി യുവാവ് പറഞ്ഞു. ഏറ്റവും ശ്രദ്ധ നേടിയ കാര്യം, 20-ാം വയസ്സിൽ അമ്മയെ സാമ്പത്തികമായി ജോലിയിൽനിന്ന് വിരമിപ്പിക്കാൻ കഴിഞ്ഞുവെന്ന അവകാശവാദമാണ്. കുടുംബത്തിനായി ഭൂമിയോ വീടോ സ്വന്തമാക്കാനുള്ള പണവും മാറ്റിവെക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
സ്വന്തം കഥ മറ്റുള്ളവർക്ക് പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് അനുഭവം പങ്കുവെച്ചതെന്നും യുവാവ് വ്യക്തമാക്കി.