കെയർ സ്റ്റാർമർ രാജിവെച്ചു; ഒരു ദശാബ്ദത്തിനിടെ ബ്രിട്ടന് ആറാമത്തെ പ്രധാനമന്ത്രി പടിയിറങ്ങുന്നു

 
World

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചതോടെ രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരത വീണ്ടും ചർച്ചയാകുന്നു. 2016-ലെ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം പത്ത് വർഷത്തിനിടെ പദവി ഒഴിയുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് സ്റ്റാർമർ. ഇതോടെ ബ്രിട്ടൻ ഉടൻ തന്നെ ഏഴാമത്തെ പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള സാഹചര്യത്തിലേക്ക് കടന്നിരിക്കുകയാണ്. 

2024 പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വമ്പൻ വിജയത്തിലേക്ക് നയിച്ച സ്റ്റാർമർ, രണ്ട് വർഷം പോലും പൂർത്തിയാക്കുന്നതിന് മുമ്പാണ് രാജി പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിലെ അതൃപ്തി, ജനപ്രീതിയിലെ ഇടിവ്, പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ എന്നിവയാണ് അദ്ദേഹത്തിന്റെ പടിയിറക്കലിന് കാരണമായതെന്നാണ് വിലയിരുത്തൽ. 

രാജി പ്രഖ്യാപിച്ച സ്റ്റാർമർ, രാജ്യത്തിന്റെയും പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയാകുന്നതുവരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. 

സ്റ്റാർമറുടെ പിൻഗാമിയായി മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം എത്താനാണ് സാധ്യത. ലേബർ പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. ജൂലൈയിൽ നേതൃതിരഞ്ഞെടുപ്പ് ആരംഭിച്ച് സെപ്റ്റംബറിന് മുമ്പ് പുതിയ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

2016-ൽ ബ്രെക്സിറ്റ് ജനഹിതപരിശോധനയ്ക്ക് പിന്നാലെ ഡേവിഡ് കാമറൂൺ രാജിവെച്ചതോടെയാണ് ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയുടെ പുതിയ അധ്യായം ആരംഭിച്ചത്. തുടർന്ന് തെരേസ മേയ്, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക്, കെയർ സ്റ്റാർമർ എന്നിവർ മാറിമാറി പ്രധാനമന്ത്രി പദത്തിലെത്തി. ഈ കാലയളവിൽ സാമ്പത്തിക പ്രതിസന്ധികൾ, ബ്രെക്സിറ്റ് അനന്തര വെല്ലുവിളികൾ, പാർട്ടി കലാപങ്ങൾ, ജനപ്രീതിയിലുണ്ടായ ഇടിവ് എന്നിവയാണ് നേതൃമാറ്റങ്ങൾക്ക് വഴിവെച്ചത്. 

തുടർച്ചയായ നേതൃമാറ്റങ്ങൾ ഭരണനിർവഹണത്തിന്റെ സ്ഥിരതയെ ബാധിക്കുന്നുവെന്ന ആശങ്ക ബ്രിട്ടനിൽ ശക്തമാണ്. യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടനിലെ പ്രധാനമന്ത്രിമാരുടെ കാലാവധി ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.