കെനിയയിലെ ഷക്കഹോള കൂട്ടക്കൊല: മതപ്രഭാഷകൻ പോൾ മക്കെൻസിക്ക് 200 വർഷം തടവ്

 
World

കെനിയയെ നടുക്കിയ ഷക്കഹോള വന കൂട്ടക്കൊലക്കേസിൽ സ്വയം പ്രഖ്യാപിത മതപ്രഭാഷകൻ പോൾ മക്കെൻസിക്ക് 200 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 190 കുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടെ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മൊംബാസ ഹൈക്കോടതിയുടെ നടപടി. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ സ്ഥാപകനായ മക്കെൻസി അനുയായികളെ മതവിശ്വാസത്തിന്റെ പേരിൽ പട്ടിണി കിടന്ന് മരിക്കാൻ പ്രേരിപ്പിച്ചെന്നാണ് കോടതി കണ്ടെത്തിയത്.

2021 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഷക്കഹോള വനമേഖലയിൽ കൂട്ടമരണങ്ങൾ നടന്നത്. ലോകാവസാനം അടുത്തെന്നും യേശുവിനെ കാണാൻ സ്വർഗത്തിലെത്തണമെങ്കിൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഉപവസിക്കണമെന്നും മക്കെൻസി അനുയായികളോട് നിർദേശിച്ചതായാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇയാളുടെ നിർദേശങ്ങൾ പിന്തുടർന്ന് കുട്ടികളടക്കമുള്ളവർ ഭക്ഷണം ഉപേക്ഷിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

കേസിൽ 183 പേർ പട്ടിണി മൂലവും എട്ടുപേർ നേരിട്ടുള്ള കൊലപാതകങ്ങളിലൂടെയുമാണ് മരിച്ചതെന്ന് കോടതി കണ്ടെത്തി. പട്ടിണി മൂലമുള്ള മരണങ്ങൾക്ക് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് മക്കെൻസിക്ക് ശിക്ഷ വിധിച്ചത്. രണ്ട് ശിക്ഷകളും തുടർച്ചയായി അനുഭവിക്കണമെന്ന കോടതി ഉത്തരവോടെയാണ് ആകെ തടവുകാലം 200 വർഷമായത്. കേസിൽ മക്കെൻസിക്കൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ 28 പേർക്കും 10 മുതൽ 160 വർഷം വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

2023 ഏപ്രിലിൽ ഷക്കഹോള വനമേഖലയിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം രാജ്യാന്തര ശ്രദ്ധ നേടിയത്. പിന്നീട് നടത്തിയ പരിശോധനകളിൽ 400ലധികം മൃതദേഹങ്ങൾ കണ്ടെത്തി. കെനിയൻ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് വനമേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 429 ആണ്. നിരവധി മൃതദേഹങ്ങൾ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല.

മതത്തിന്റെ മറവിൽ അനുയായികളെ ചൂഷണം ചെയ്തുവെന്നും അവരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്ത് മരണത്തിലേക്ക് നയിച്ചുവെന്നും കോടതി നിരീക്ഷിച്ചു. മക്കെൻസിയുടെ അഭിഭാഷകൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മരണങ്ങൾ സംബന്ധിച്ച കേസുകളും ഇയാൾ നേരിടുന്നുണ്ട്. മതസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്ന ആവശ്യവും ഈ ദുരന്തത്തോടെ കെനിയയിൽ ശക്തമായിരിക്കുകയാണ്.