59-ാം വയസ്സിൽ ചരിത്രനേട്ടവുമായി ‘കിങ് കസു’; രണ്ട് പെനാൽറ്റി ഗോളുകൾ
ജപ്പാൻ ഫുട്ബോൾ ഇതിഹാസം കസുയോഷി മിയുറ 59-ാം വയസ്സിൽ വീണ്ടും ചരിത്രം കുറിച്ചു. ‘കിങ് കസു’ എന്നറിയപ്പെടുന്ന മിയുറ എമ്പറേഴ്‌സ് കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോററായി.
ഫുകുഷിമ യുണൈറ്റഡിനായി ഒയാമ സോക്കർ ക്ലബിനെതിരെ നടന്ന മത്സരത്തിലാണ് മിയുറ രണ്ട് പെനാൽറ്റി ഗോളുകൾ നേടിയത്. മത്സരം ഫുകുഷിമ യുണൈറ്റഡ് 7–0ന് വിജയിച്ചു. 59 വയസ്സും അഞ്ച് മാസവും 24 ദിവസവും പ്രായമുള്ളപ്പോഴാണ് മിയുറ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ ആദ്യ പെനാൽറ്റിയിലൂടെ മിയുറ ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലും പെനാൽറ്റിയിലൂടെ വലകുലുക്കി. ഇതിന് പിന്നാലെ മൂന്ന് മിനിറ്റിനകം അദ്ദേഹത്തെ പിൻവലിച്ചു.
എമ്പറേഴ്‌സ് കപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോററെന്ന റെക്കോർഡ് ഇതോടെ മുൻ ജപ്പാൻ താരം ഷിൻജി ഓനോയിൽ നിന്ന് മിയുറ സ്വന്തമാക്കി. 41-ാം വയസ്സിലാണ് ഓനോ ഇതിന് മുമ്പ് റെക്കോർഡ് സ്ഥാപിച്ചത്.
42-ാം പ്രൊഫഷണൽ സീസണിലാണ് മിയുറ ഇപ്പോൾ കളിക്കുന്നത്. 1986ൽ ബ്രസീലിൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച താരം ജപ്പാനു വേണ്ടി 89 മത്സരങ്ങളിൽ 55 ഗോളുകളും നേടിയിട്ടുണ്ട്.