കൊച്ചി ടസ്കേഴ്സ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു; ശശി തരൂർ ‘റെയ്ഡ് ഭീഷണി’ മുഴക്കിയെന്ന് ലളിത് മോദിയുടെ ആരോപണം
Jun 4, 2026, 11:03 IST
ന്യൂഡൽഹി: ഐപിഎല്ലിലെ കൊച്ചി ടസ്കേഴ്സ് കേരള ഫ്രാഞ്ചൈസിയെ ചുറ്റിപ്പറ്റിയ 2010ലെ വിവാദം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി, മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ തനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡും നികുതി അന്വേഷണവും നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപിച്ചു.
കൊച്ചി ടസ്കേഴ്സ് കേരളയുടെ ഉടമസ്ഥാവകാശ ഘടന പരിശോധിക്കുന്നതിനിടെയാണ് വിവാദത്തിന് തുടക്കമായതെന്ന് മോദി പറയുന്നു. അന്തരിച്ച സുനന്ദ പുഷ്കർ ഫ്രാഞ്ചൈസിയിൽ "സ്വെറ്റ് ഇക്വിറ്റി" കൈവശം വച്ചിരുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ തരൂരിൽ നിന്ന് ഫോൺകോൾ ലഭിച്ചുവെന്നും, കൂടുതൽ അന്വേഷണം നടത്തരുതെന്ന് മുന്നറിയിപ്പ് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
കൊച്ചി ഫ്രാഞ്ചൈസിയെ ചൊല്ലിയ വിവാദം 2010ൽ ദേശീയ രാഷ്ട്രീയത്തിലും ഇന്ത്യൻ ക്രിക്കറ്റിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട താൽപര്യസംഘർഷ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തരൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു. എന്നാൽ ഫ്രാഞ്ചൈസിയിൽ തനിക്ക് സാമ്പത്തിക താൽപര്യമില്ലെന്നും, കേരളത്തിന് ഒരു ഐപിഎൽ ടീം ലഭിക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു തരൂരിന്റെ നിലപാട്.
മറുവശത്ത്, കൊച്ചി ടസ്കേഴ്സ് ഗ്രൂപ്പും തരൂരും മുൻപ് ലളിത് മോദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഫ്രാഞ്ചൈസിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും, ടീമിന്റെ ഉടമസ്ഥാവകാശ വിവരങ്ങൾ പരസ്യമാക്കി വിവാദം സൃഷ്ടിച്ചതായും അവർ ആരോപിച്ചിരുന്നു.
16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉയർന്നുവന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയ-കായിക മേഖലകളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ലളിത് മോദിയുടെ പുതിയ ആരോപണങ്ങളോട് ശശി തരൂർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.