കൊറിയൻ പെൻഷൻ ഫണ്ട് സർക്കാർ ബോണ്ടുകളിൽ നിക്ഷേപത്തിന് ലൈസൻസ് തേടുന്നു
ലോകത്തിലെ മൂന്നാമത്തെ വലിയ പെൻഷൻ ഫണ്ടായ ദക്ഷിണകൊറിയയുടെ നാഷണൽ പെൻഷൻ സർവീസ് ഇന്ത്യയുടെ സർക്കാർ ബോണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കാൻ ലൈസൻസ് തേടുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സർക്കാർ കടപ്പത്ര വിപണിയിലേക്ക് കൂടുതൽ സ്ഥിരതയുള്ള വിദേശ മൂലധനം ആകർഷിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ നീക്കം. വിഷയവുമായി നേരിട്ട് ബന്ധപ്പെട്ട രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോർട്ട് പുറത്തുവിട്ടത്.
1.3 ട്രില്യൺ ഡോളറിലധികം ആസ്തിയുള്ള കൊറിയൻ പെൻഷൻ ഫണ്ട് നിലവിൽ വിവിധ വിദേശ ഫണ്ട് മാനേജർമാർ വഴി ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നുണ്ട്. എന്നാൽ സർക്കാർ സെക്യൂരിറ്റികളിൽ മാത്രം നിക്ഷേപിക്കുന്നതിനുള്ള പ്രത്യേക സംവിധാനത്തിലേക്ക് കടക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ വലിയ നീക്കങ്ങളിലൊന്നായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
വിദേശ പെൻഷൻ ഫണ്ടുകൾക്കും സോവറിൻ വെൽത്ത് ഫണ്ടുകൾക്കും ഇന്ത്യൻ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് എളുപ്പമാക്കാൻ സെബി അടുത്തിടെ കുറഞ്ഞ കംപ്ലയൻസ് സംവിധാനത്തിന് രൂപം നൽകിയിരുന്നു. പുതിയ സംവിധാനത്തിൽ ചില രേഖകൾ സമർപ്പിക്കേണ്ട ഇടവേള മൂന്ന് വർഷത്തിൽ നിന്ന് പത്ത് വർഷമായി നീട്ടിയിട്ടുണ്ട്. ഇതിലൂടെ ദീർഘകാല നിക്ഷേപകരെ ഇന്ത്യൻ കടപ്പത്ര വിപണിയിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ സർക്കാർ ബോണ്ടുകളിലെ വിദേശ നിക്ഷേപം ഇതിനകം ഏകദേശം നാല് ലക്ഷം കോടി രൂപയ്ക്കടുത്താണ്. അതേസമയം പെൻഷൻ ഫണ്ടുകളുടെ ഇന്ത്യൻ കടപ്പത്ര നിക്ഷേപം ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. കൂടുതൽ ആഗോള പെൻഷൻ ഫണ്ടുകൾ ഇന്ത്യയിലേക്ക് എത്തുന്നത് രാജ്യത്തിന്റെ സർക്കാർ കടപ്പത്ര വിപണിയിൽ ദീർഘകാല വിദേശ മൂലധനത്തിന്റെ പങ്ക് വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിപണി നിരീക്ഷണം.
ഇന്ത്യ വിദേശ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്ന സമയത്താണ് കൊറിയൻ പെൻഷൻ ഫണ്ടിന്റെ നീക്കം ശ്രദ്ധ നേടുന്നത്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തിൽ അടുത്ത കാലത്ത് വലിയ മാറ്റങ്ങൾ ഉണ്ടായ സാഹചര്യത്തിൽ, സർക്കാർ ബോണ്ടുകളിലേക്കുള്ള കൂടുതൽ സ്ഥിരതയുള്ള വിദേശ നിക്ഷേപം രാജ്യത്തിന്റെ ധനവിപണിക്ക് പ്രധാനപ്പെട്ട പുതിയ സാധ്യതയായി മാറുകയാണ്.