മലേഷ്യൻ രാജകുമാരിയെയും മക്കളെയും സ്വീകരിച്ച് കുമരകം

 
Kottayam

കുമരകം : കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിന്  മലേഷ്യൻ രാജകുമാരിയും മക്കളും കുമരകത്ത് എത്തി. രാജകുമാരി  ചെ പൗൺ മുദാ സഹീദയും മക്കളായ അർമാൻ ഇസുദീൻ ബിൻ ജസീമുദ്ദീൻ , ടുങ്കു സുലൈമാൻ ബാദുഷ എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ കുമരകം കോക്കനട്ട് ലഗൂണിൽ എത്തിയത്.  ആദ്യ ദിവസം കോക്കനട്ട് ലഗൂണിലും രണ്ടാം ദിവസം ഹൗസ് ബോട്ടിലുമാകും ഇവർ താമസിക്കുക. 

കടൽ വിഭവങ്ങളുടെ രുചി ഭേദങ്ങളാണ് രാജകുമാരിക്കും മക്കൾക്കും വേണ്ടി കോക്കനട്ട് ലഗൂൺ ഒരുക്കുന്നത്.  കായൽ സൗന്ദര്യം ആസ്വദിക്കാൻ കഴിയും വിധമാണ് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കുന്നത്. കവണാറ്റിൻകരയിൽ നിന്നും ബോട്ട് മാർഗ്ഗം ലഗൂണിൻ എത്തിയ രാജകുമാരിയെയും മക്കളെയും തലപ്പാവ് അണിയിച്ച് ആദരിച്ചാണ് ഹോട്ടൽ ജനറൽ മാനേജർ ആർ. ഹരികൃഷ്ണൻ സ്വീകരിച്ചത്. 

രണ്ടാം ദിവസമായ ശനിയാഴ്ച  ഹൗസ് ബോട്ടിൽ താമസം ആസ്വദിച്ച ശേഷം രാജകുമാരിയും മക്കളും  ഞായറാഴ്ച  തിരികെ മടങ്ങും