ഇസ്ലാമാബാദിലെ പള്ളിക്ക് പുറത്ത് ലഷ്‌കർ ഭീകരൻ മരിച്ചു

അജ്ഞാത തോക്കുധാരികൾ’ ആരോപണം ദുരൂഹത വർധിപ്പിക്കുന്നു
 
National

പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT) മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൽ അസീസ് ഇസ്ലാമാബാദിലെ പള്ളിക്ക് പുറത്ത് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ചു. ഓഗസ്റ്റ് 8ന് ഖുബാ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

പള്ളിയിലെത്തുന്നതിന് മുമ്പ് പരിചയമില്ലാത്ത ഒരു റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് പള്ളിയുടെ കവാടത്തിന് സമീപം കുഴഞ്ഞുവീണ അസീസിനെ മറ്റുള്ളവർ സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. വിഷബാധയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. പോസ്റ്റ്‌മോർട്ടം, ടോക്സിക്കോളജി റിപ്പോർട്ടുകൾ എന്നിവയും ഇതുവരെ പുറത്തുവന്നിട്ടില്ല. 

ദക്ഷിണ പഞ്ചാബിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ ഷുഅബ-ഇ-വരസ-ഇ-ഷുഹദ വിഭാഗത്തിന്റെ തലവനായിരുന്ന അസീസ്, ഇന്ത്യയിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന സംവിധാനവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. 

ഇതിനിടെ, ലഷ്‌കർ-ഇ-തൊയ്ബയിലെ 30ലേറെ അംഗങ്ങളെ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ‘അജ്ഞാത തോക്കുധാരികൾ’ കൊലപ്പെടുത്തിയെന്ന സംഘടനാ നേതാവ് റിസ്വാൻ ഹനീഫിന്റെ അവകാശവാദവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അസീസിന്റെ ദുരൂഹ മരണം. എന്നാൽ കൊലപാതകമാണെന്നോ സംഭവത്തിന് പിന്നിൽ ആരാണെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ നിലവിൽ പുറത്തുവന്നിട്ടില്ല.