'ധാർമിക മൂല്യങ്ങൾ' ചൂണ്ടിക്കാട്ടി എൽജിബിടിക്യു ക്രൂയിസ് കപ്പലിന് വിലക്ക്; തുറമുഖങ്ങൾ അടച്ച് തുർക്കി
എൽജിബിടിക്യു സമൂഹത്തിനായി സംഘടിപ്പിച്ചിരുന്ന ആഡംബര ക്രൂയിസ് യാത്രയ്ക്ക് തുർക്കി വിലക്കേർപ്പെടുത്തി. രാജ്യത്തിന്റെ 'ധാർമിക മൂല്യങ്ങളും സാമൂഹിക സംവേദനക്ഷമതയും' സംരക്ഷിക്കേണ്ടതിന്റെ ഭാഗമായാണ് കുസാദസിയിലും ഇസ്താംബുൾ തുറമുഖത്തും കപ്പലിന് പ്രവേശനം നിഷേധിച്ചതെന്ന് അധികൃതർ അറിയിച്ചു.
'റെസിലിയന്റ് ലേഡി' എന്ന ക്രൂയിസ് കപ്പൽ തുർക്കിയിൽ നങ്കൂരമിടാനിരുന്നതായിരുന്നു. എന്നാൽ സർക്കാർ അനുമതി നിഷേധിച്ചതോടെ യാത്രാസംഘാടകർ തുർക്കിയിലെ സ്റ്റോപ്പുകൾ റദ്ദാക്കി, പകരം ഗ്രീസിലെ തുറമുഖങ്ങൾ യാത്രാപട്ടികയിൽ ഉൾപ്പെടുത്തി.
തുർക്കിയിലെ ഗതാഗത മന്ത്രാലയവും തുറമുഖ അധികൃതരും രാജ്യത്തിന്റെ സാംസ്കാരിക-ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായ പരിപാടികൾക്ക് അനുമതി നൽകാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൂയിസിന് പ്രവേശനം നിഷേധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, മനുഷ്യാവകാശ സംഘടനകളും എൽജിബിടിക്യു അവകാശ പ്രവർത്തകരും നടപടിയെ ശക്തമായി വിമർശിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളെ വിവേചിക്കുന്ന തീരുമാനമാണിതെന്നും അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
സമീപ വർഷങ്ങളിൽ എൽജിബിടിക്യു പരിപാടികൾക്കും പ്രൈഡ് മാർച്ചുകൾക്കും തുർക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം രാജ്യത്തിന്റെ സാമൂഹിക നയങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.