ലയണൽ, പക്ഷേ മെസി അല്ല; കൊളംബിയയെ വിറപ്പിച്ച ഡി.ആർ. കോംഗോയുടെ ലോകകപ്പ് ഹീറോ ലയണൽ എംപാസി

 
Sports

ഗ്വാഡലഹാര: പേര് ലയണൽ. പക്ഷേ അത് മെസിയല്ല. ലോകകപ്പ് വേദിയിൽ ഇപ്പോൾ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഡി.ആർ. കോംഗോയുടെ ഗോൾകീപ്പർ ലയണൽ എംപാസിയാണ്. കൊളംബിയക്കെതിരായ മത്സരത്തിൽ തകർപ്പൻ സേവുകളുമായി എംപാസി നടത്തിയ പ്രകടനമാണ് അദ്ദേഹത്തെ ലോക ഫുട്ബോളിലെ പുതിയ ചർച്ചാവിഷയമാക്കിയത്. 

മത്സരത്തിന്റെ തുടക്കം മുതൽ കൊളംബിയ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ഗോൾവല കാക്കുന്നതിൽ എംപാസി അസാധാരണ മികവ് കാട്ടി. ഹാമസ് റോഡ്രിഗസ്, ലൂയിസ് ഡിയാസ്, ജോഹാൻ മൊജിക്ക എന്നിവരുടെ ശക്തമായ ഷോട്ടുകൾ ഉൾപ്പെടെ നിരവധി അവസരങ്ങൾ അദ്ദേഹം അതിമനോഹരമായി തടഞ്ഞു. ഒരുഘട്ടത്തിൽ കൊളംബിയയ്ക്ക് ഗോൾ നേടാനാകില്ലെന്ന തോന്നൽ പോലും എംപാസി സൃഷ്ടിച്ചു. 

എന്നാൽ മത്സരത്തിന്റെ 76-ാം മിനിറ്റിൽ ഡാനിയേൽ മുനോസ് നേടിയ ഗോളിൽ കൊളംബിയ 1-0ന് വിജയിച്ചു. തോറ്റെങ്കിലും എംപാസിയുടെ പ്രകടനമാണ് മത്സരത്തിലെ പ്രധാന ആകർഷണമായത്. നിരവധി രക്ഷാപ്രവർത്തനങ്ങളിലൂടെ അദ്ദേഹം ഡി.ആർ. കോംഗോയെ ഏറെ നേരം മത്സരത്തിൽ നിലനിർത്തി. 

1994-ൽ ഫ്രാൻസിലെ മോയിൽ ജനിച്ച ലയണൽ എംപാസി, ഫ്രാൻസിന്റെ വിവിധ യൂത്ത് ടീമുകൾക്കായി കളിച്ച ശേഷമാണ് മാതാപിതാക്കളുടെ സ്വദേശമായ ഡി.ആർ. കോംഗോയെ ദേശീയതലത്തിൽ പ്രതിനിധീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ലെ ഹാവ്ർ ടീമിന്റെ ഗോൾകീപ്പറാണ്. 

ഈ ലോകകപ്പിൽ ഡി.ആർ. കോംഗോയുടെ പ്രതിരോധനിരയ്ക്ക് ആത്മവിശ്വാസം പകർന്ന പ്രധാന താരമായി എംപാസി മാറിയിരിക്കുകയാണ്. കൊളംബിയക്കെതിരെ തോറ്റെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. ഇനി ഉസ്‌ബെക്കിസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഡി.ആർ. കോംഗോയുടെ പ്രതീക്ഷകൾ.