ഓൺലൈൻ റമ്മി കളിച്ച് പണമെല്ലാം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

 
Rummy

ചെന്നൈ: ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഫിസിയോതെറാപ്പി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ ജെജെ നഗർ സ്വദേശി ധനുഷ് കുമാർ (23) ആണ് മരിച്ചത്. തിരുനെൽവേലിയിലെ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്നു.

ധനുഷ് ഓൺലൈൻ റമ്മിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തി അച്ഛൻ മുനുസ്വാമിയോട് 24,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ്റെ പക്കൽ അത്രയും പണം ഉണ്ടായിരുന്നില്ല. കൂടുതൽ പണം നൽകാൻ ധനുഷ് നിർബന്ധിച്ചതോടെ മുനുസ്വാമി തൻ്റെ പക്കൽ ഉണ്ടായിരുന്ന 4000 രൂപ നൽകി.

തുടർന്ന് ധനുഷ് മുറിയിൽ കയറി വാതിലടച്ചു. പലതവണ വിളിച്ചിട്ടും മുറിയിൽ നിന്ന് പുറത്തുവരാത്തതിനാൽ മുനുസ്വാമി പോലീസിൽ ബന്ധപ്പെടുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ധനുഷിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്നും ഓൺലൈൻ റമ്മി കളിക്കാൻ പണമില്ലാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടിന് സമീപം സംസ്കരിക്കും.