കിഷോർ കുമാറിന്റെ പാട്ടുമായി വേദിയിലെത്തി മലേഷ്യൻ പ്രധാനമന്ത്രി
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും നയതന്ത്ര ചർച്ചകളുടെയും തിരക്കിനിടയിൽ അപ്രതീക്ഷിതമായി സംഗീതത്തിന്റെ നിറം പകർന്നത് മലേഷ്യൻ പ്രധാനമന്ത്രി അന്വർ ഇബ്രാഹിം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിനിടെ കിഷോർ കുമാർ പാടിയ പ്രശസ്ത ഹിന്ദി ഗാനം ആലപിച്ചാണ് അന്വർ ശ്രദ്ധ നേടിയത്. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
1965ൽ പുറത്തിറങ്ങിയ ‘ടീൻ ദേവിയാൻ’ എന്ന ചിത്രത്തിലെ കിഷോർ കുമാറിന്റെ പ്രശസ്ത ഗാനമാണ് അന്വർ ആലപിച്ചത്. പിയാനോയുടെ അകമ്പടിയോടെ പാടുന്ന അന്വറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഔദ്യോഗിക നയതന്ത്ര വേദിയിൽ നിന്ന് വ്യത്യസ്തമായ ഈ സംഗീത നിമിഷം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വലിയ പ്രതികരണങ്ങൾ നേടുകയും ചെയ്തു.
ഇന്ത്യൻ സിനിമയോടും സംഗീതത്തോടുമുള്ള അന്വർ ഇബ്രാഹിമിന്റെ താൽപര്യം ഇതാദ്യമല്ല പ്രകടമാകുന്നത്. നേരത്തെയും കിഷോർ കുമാറിന്റെ ഗാനങ്ങളോടുള്ള ഇഷ്ടം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2024ലെ ഇന്ത്യാ സന്ദർശനത്തിനിടെയും ഇതേ ഗാനം അദ്ദേഹം ആലപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ പ്രകടനവും ആരാധകർക്ക് ഏറെ കൗതുകമായി.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്വർ, ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വിവിധ മേഖലകളിലെ സഹകരണവും നേതാക്കൾ ചർച്ച ചെയ്തു. ഔദ്യോഗിക ചർച്ചകൾക്കിടയിൽ സംഗീതത്തിലൂടെ പ്രകടമായ ഈ സൗഹൃദ നിമിഷം ഇരു രാജ്യങ്ങളുടെയും സാംസ്കാരിക ബന്ധത്തിനും പുതിയ ശ്രദ്ധ നേടിക്കൊടുത്തു.
അന്വറിന്റെ പാട്ട് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പങ്കുവെക്കലാണ് നടക്കുന്നത്. നയതന്ത്ര വേദിയിലെ ഗൗരവത്തിനിടയിൽ കിഷോർ കുമാറിന്റെ ഗാനവുമായി എത്തിയ മലേഷ്യൻ പ്രധാനമന്ത്രിയുടെ ഈ വേറിട്ട അവതരണം ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. രാഷ്ട്രീയ വേദിയിൽ നിന്ന് നേരെ സംഗീതവേദിയിലേക്ക് എത്തിയ അന്വർ ഇബ്രാഹിം തന്നെയാണ് ഇപ്പോഴത്തെ വൈറൽ താരം.