ശ്വേത മേനോന് പിന്തുണ പ്രഖ്യാപിച്ച് മല്ലിക സുകുമാരൻ; 'അമ്മ'യിലെ പ്രാഥമിക അംഗത്വം രാജിവച്ചു

 
Entertainment

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ (AMMA) തുടരുന്ന ആഭ്യന്തര പ്രതിസന്ധിക്കിടെ നടി മല്ലിക സുകുമാരൻ സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. മുൻ പ്രസിഡന്റ് ശ്വേത മേനോന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മല്ലികയുടെ തീരുമാനം. 

ഫേസ്ബുക്കിലൂടെയാണ് രാജിക്കാര്യം മല്ലിക അറിയിച്ചത്. "സ്നേഹപൂർവം പടിയിറങ്ങുന്നു... 'അമ്മ'യിൽ നിന്ന്... സത്യത്തിനൊപ്പം... ന്യായത്തിനൊപ്പം... ശ്വേതയ്ക്കൊപ്പം..." എന്ന കുറിപ്പോടെയാണ് അവർ തീരുമാനം പ്രഖ്യാപിച്ചത്. 

വാർഷിക ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകളെച്ചൊല്ലിയ തർക്കത്തെ തുടർന്ന് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. കണക്കുകളുടെ വ്യക്തതയെച്ചൊല്ലി രൂക്ഷമായ വാഗ്വാദമുണ്ടായതോടെയാണ് സംഘടനയിൽ പ്രതിസന്ധി രൂക്ഷമായത്. 

രാജിക്ക് മുൻപും ശ്വേത മേനോന് ശക്തമായ പിന്തുണയുമായി മല്ലിക രംഗത്തെത്തിയിരുന്നു. വാർഷിക കണക്കുകളുടെ ഉത്തരവാദിത്തം ജനറൽ സെക്രട്ടറിക്കും ട്രഷറർക്കുമാണെന്നും, ചെയ്യാത്ത തെറ്റിന്റെ പേരിൽ ശ്വേത രാജിവെക്കേണ്ട സാഹചര്യം ഉണ്ടായെന്നും അവർ വിമർശിച്ചിരുന്നു. സംഘടനയിലെ പ്രശ്നങ്ങളിൽ മുതിർന്ന താരങ്ങൾ ഇടപെടണമെന്നും മല്ലിക ആവശ്യപ്പെട്ടിരുന്നു. 

ഭരണസമിതിയുടെ രാജിക്ക് പിന്നാലെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും, മല്ലിക സുകുമാരന്റെ രാജി 'അമ്മ'യിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.