എന്റെ ഏറ്റവും പ്രയാസകരമായ സമയത്ത് മമത ദിദി ഒപ്പമുണ്ടായിരുന്നു’; ടിഎംസി വിടില്ലെന്ന് ശത്രുഘ്ന്‍ സിന്‍ഹ

 
National
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ (TMC) നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന നേതാവും എംപിയുമായ ശത്രുഘ്നൻ സിൻഹ . പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജീ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നുവെന്നും അതിനാൽ അവർ ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് താൻ പാർട്ടി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
പാർട്ടിക്കുള്ളിൽ ഭിന്നതകളും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംബന്ധിച്ച ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് ശത്രുഘ്ന്‍ സിന്‍ഹയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസിനോടും മമത ബാനർജിയോടുമുള്ള തന്റെ വിശ്വസ്തതയിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. 
അഭ്യൂഹങ്ങൾ തള്ളി
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ഭരണത്തിന്റെ 12 വർഷം പൂർത്തിയായതിനെ അഭിനന്ദിച്ചതിന് പിന്നാലെ ശത്രുഘ്ന്‍ സിന്‍ഹ പാർട്ടി മാറുമെന്ന തരത്തിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും താൻ ടിഎംസിയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 
ടിഎംസിയിൽ പ്രതിസന്ധി?
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിൽ ചില അസ്വാരസ്യങ്ങളും നേതാക്കളുടെ നിലപാട് മാറ്റങ്ങളും ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്നെ ടിഎംസി നേതാക്കൾ പരസ്യമായി മമത ബാനർജിക്കുള്ള പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയാണ്. 
ശത്രുഘ്ന്‍ സിന്‍ഹയുടെ പ്രസ്താവന പാർട്ടി നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മമത ബാനർജിക്കൊപ്പമാണ് താനെന്നും പാർട്ടിയെ വിട്ടുപോകാനുള്ള യാതൊരു ആലോചനയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.