കളത്തിൽ മമ്മൂട്ടിയും മോഹൻലാലും എസ്ജിയും; അമ്മയുടെ യോഗം കൊച്ചിയിൽ
കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം കൊച്ചിയിൽ തുടരുന്നു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
താരങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 2500 പേർ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു. സംഗമത്തിൻ്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നയിക്കുന്ന ഫുട്ബോൾ മത്സരവും നടക്കും. നാദിർഷായാണ് ഷോ ഡയറക്ടർ. ഷോയിലൂടെ സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്തം മരുന്നുകൾ നൽകാൻ ഉപയോഗിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുടുംബയോഗം വിളിക്കുന്നത്. ലൈംഗികാരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട പശ്ചാത്തലത്തിൽ താൽക്കാലിക കമ്മിറ്റിയുടെ ചുമതലയിലാണ് യോഗം നടക്കുന്നത്. സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന കുടുംബസംഗമം ഗ്രൂപ്പിൽ കെട്ടുറപ്പ് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.