"മമ്മൂട്ടിയെ തീവ്രവാദ അജണ്ടയുമായി ബന്ധപ്പെടുത്തരുത്;” ബിജെപി നേതാവ്

 
Mammootty

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും ഇരയായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാളികൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ് മമ്മൂട്ടിയെന്ന് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയെ തനിക്ക് പതിറ്റാണ്ടുകളായി വ്യക്തിപരമായി അറിയാമെന്നും അദ്ദേഹത്തെപ്പോലൊരു കലാകാരനെ സിനിമാ മേഖലയിൽ തീവ്രവാദ ആശയങ്ങളോടും അജണ്ടകളോടും കൂട്ടുപിടിക്കേണ്ട കാര്യമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കി.

'പുഴു' എന്ന ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിൻ്റെ സംവിധായിക രതിനയുടെ മുൻ ഭർത്താവ് ഷെർഷാദ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ശേഷമാണ് താരത്തിനെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. 'പുഴു' സിനിമയിൽ ബ്രാഹ്മണ വിരുദ്ധതയുണ്ടെന്നും അതിന് പിന്നിൽ മമ്മൂട്ടി ആണെന്നും ആരോപിച്ചാണ് സൈബർ ആക്രമണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മലയാളികൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ് മമ്മൂട്ടി. നായർ, നമ്പൂതിരി, നാടാർ, ദളിത്, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങി കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലുള്ള എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ച നടനാണ് അദ്ദേഹം.

മമ്മൂട്ടിയെപ്പോലൊരു കലാകാരനെ ഒരു തീവ്രവാദ ചിന്താഗതിയുമായും അജണ്ടയുമായും ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. പതിറ്റാണ്ടുകളായി എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം.

മമ്മൂട്ടിയെപ്പോലൊരു മഹാനടനെ ചെളിവാരിയെറിയാൻ അവസരം നൽകിയ സിനിമയുടെ സംവിധായകനും എഴുത്തുകാരനും ഇതിന് മറുപടി പറയണം. അതുകൊണ്ട് സിനിമ പോലുള്ള കലാരൂപത്തെ ഏത് അജണ്ടയും വെച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തണം.