പാക്കിസ്ഥാനിൽ കൂട്ടക്കൊല; 20 പേർ വെടിയേറ്റ് മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു
Oct 11, 2024, 12:06 IST

ക്വറ്റ: ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ ആക്രമണത്തിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ആയുധങ്ങളുമായി ഖനിയിൽ എത്തിയ അക്രമികൾ തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പുലർച്ചെയാണ് ആയുധധാരികളായ ഒരു സംഘം ദുക്കി മേഖലയിലെ ജുനൈദ് കൽക്കരി കമ്പനിയുടെ ഖനി ആക്രമിച്ചത്. ഖനികൾക്ക് നേരെ അവർ റോക്കറ്റുകളും ഗ്രനേഡുകളും തൊടുത്തുവിട്ടതായി പോലീസ് ഓഫീസർ ഹുമയൂൺ ഖാൻ പറഞ്ഞു.
ഇതുവരെ ഇരുപതോളം മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചതായി ഡോ.ജോഹർ ഖാൻ ഷാദിസായി പറഞ്ഞു. പരിക്കേറ്റ ആറ് പേർ ഈ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരിൽ മൂന്ന് പേരും പരിക്കേറ്റവരിൽ നാല് പേരും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.