ഫുജൈറയിൽ വൻ വാഹനാപകടം; നിരവധി പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ വൻ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും ഫുജൈറ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ അപകടമുണ്ടായത്.
അപകടവിവരം ലഭിച്ച ഉടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളിലെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും അധികൃതർ നടപടികൾ സ്വീകരിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ എണ്ണം പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെ പൊലീസ് അനുശോചനം അറിയിച്ചു.
വാഹനമോടിക്കുന്നവർ ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും വേഗപരിധി ലംഘിക്കരുതെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം ഉറപ്പാക്കണമെന്നും ഫുജൈറ പൊലീസ് മുന്നറിയിപ്പ് നൽകി.