ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം; 13 പേർ മരിച്ചു, 66 പേർക്ക് പരിക്ക്, മരിച്ചവരിൽ ഇന്ത്യക്കാരും

 
World

ദോഹ: ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (LNG) കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിച്ചു. 66 പേർക്ക് പരിക്കേറ്റതായും മരിച്ചവരിൽ ഇന്ത്യൻ, പാകിസ്താൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഖത്തർ ഊർജമന്ത്രി സഅദ് അൽ-കഅബി സ്ഥിരീകരിച്ചു. 

അടുത്തിടെ ഉണ്ടായ പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സ്ഫോടനത്തെ തുടർന്ന് പ്ലാന്റിൽ തീപിടിത്തമുണ്ടായെങ്കിലും അഗ്നിശമന സേന മണിക്കൂറുകൾക്കകം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പരിസ്ഥിതിക്ക് ഭീഷണിയില്ലെന്നും ഖത്തറിന്റെ എൽഎൻജി കയറ്റുമതിയെയോ റാസ് ലഫാൻ തുറമുഖത്തിന്റെ പ്രവർത്തനങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 

മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ എംബസിയും ഖത്തർ അധികൃതരുമായി ബന്ധപ്പെട്ട് വിവരശേഖരണം തുടരുകയാണ്. പരിക്കേറ്റവർക്ക് വിവിധ ആശുപത്രികളിൽ ചികിത്സ നൽകിവരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ LNG കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാൻ ആഗോള ഊർജ വിപണിയിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. അതിനാൽ അപകടം അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.