ബെൽജിയത്തിലെ 10 നില അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം; നിരവധി പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
ബ്രസൽസ്: ബെൽജിയത്തിലെ ആന്റ്‌വെർപ് നഗരത്തിലെ 10 നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരവും നിസാരവുമായ പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിയോടെ ആന്റ്‌വെർപിലെ ലിങ്കെറോവെർ (Linkeroever) മേഖലയിലുള്ള കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുകയും തീയും അതിവേഗം വ്യാപിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.
200-ലധികം പേർ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകളും പ്രത്യേക ഡ്രോൺ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സമീപ പ്രദേശങ്ങളിലെ ആളുകളോട് പുക കാരണം ജനലുകളും വാതിലുകളും അടച്ചിടാനും വെന്റിലേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്യാനും പൊലീസ് നിർദേശം നൽകി.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി പ്രത്യേക മെഡിക്കൽ അടിയന്തര പദ്ധതി നടപ്പാക്കി. തീ നിയന്ത്രണവിധേയമായെങ്കിലും കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ വിശദമായ പരിശോധന തുടരുകയാണ്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ബെൽജിയം അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ബാർട്ട് ഡി വെവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.