കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം

 
fire

കോട്ടയം: ഗാന്ധിനഗറിൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം. മൂന്ന് കടകളിലേക്ക് തീ പടർന്നു. തീപിടിത്തത്തിൽ ഒരു കട പൂർണമായും കത്തിനശിച്ചു. ഈ കടയ്ക്കുള്ളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളും മെത്തകളും വൻതോതിൽ സൂക്ഷിച്ചിരുന്നു. ഇതോടെ തീ പെട്ടെന്ന് പടർന്നു. തീ പൂർണമായും അണയ്ക്കാനായില്ല. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ 9.30ഓടെയാണ് തീ പടരുന്നത് ജനം ശ്രദ്ധിച്ചത്. തോട്ടത്തിൽ സ്റ്റോർ എന്ന കടയിലേക്കാണ് ആദ്യം തീ പടർന്നത്. പിന്നീട് സമീപത്തെ മറ്റു കടകളിലേക്കും തീ പടർന്നു. കാറ്റ് വീശിയത് തീ പടരുന്നതിന് ആക്കം കൂട്ടി. ഏറ്റുമാനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കോട്ടയത്ത് നിന്ന് കൂടുതൽ യൂണിറ്റുകൾ വിളിച്ചു.

ഈസ്റ്ററിൻ്റെ ഭാഗമായി മിക്ക കടകളും അടഞ്ഞുകിടന്നു. അഗ്നിശമന സേനാംഗങ്ങൾ കടകളുടെ വാതിലുകൾ തകർത്താണ് അകത്ത് കടന്നത്. തോട്ടത്തിൽ സ്റ്റോറിൽ വൻതോതിൽ മെത്തകളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉണ്ടായിരുന്നതിനാൽ തീ പൂർണമായും അണയ്ക്കാനായില്ല. ഒരിടത്ത് തീ അണച്ചപ്പോൾ മറ്റിടങ്ങളിലേക്കും പടർന്നു. മറ്റ് കടകളിൽ നിന്ന് പുക ഉയരുന്നുണ്ട്. ഈ കടകളിലേക്കും തീ പടർന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ പൂർണമായും അണച്ചതിന് ശേഷമേ നഷ്ടം കണക്കാക്കാനാകൂ.