വൻ മണ്ണിടിച്ചിൽ; വീടുകൾ മണ്ണിനടിയിൽ, ആയിരത്തിലധികം പേരെ ഒഴിപ്പിച്ച് ചൈന

 
World

തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് നഗരത്തിലെ പെങ്ഷുയി കൗണ്ടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. അപകടത്തെ തുടർന്ന് 1,100-ലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു. 

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്നാണ് പാറകളും മണ്ണും വലിയ തോതിൽ താഴേക്ക് പതിച്ച് പത്തിലധികം വീടുകൾ തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കുറഞ്ഞത് 10 പേരെ ജീവനോടെ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ള സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശത്ത് അതീവ ജാഗ്രത തുടരുന്നു. 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുരന്തബാധിത മേഖലയിലെ വൈദ്യുതി, ജല, വാതക വിതരണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ദുരിതബാധിതർക്കായി ടെന്റുകളും മറ്റ് അടിയന്തര സഹായ സാമഗ്രികളും എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.