ക്വിക്ക് കൊമേഴ്സിൽ വമ്പൻ നീക്കം; ‘Amazon Now’ സേവനം വിപുലീകരിച്ച് 100 പുതിയ അർബൻ ഫുൾഫിൽമെന്റ് സെന്ററുകൾ
ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ ആമസോൺ പുതിയ നീക്കവുമായി രംഗത്തെത്തി. ആമസോൺ നൗ സേവനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളിൽ 100-ലധികം അർബൻ ഫുൾഫിൽമെന്റ് സെന്റർസ് (UFCs) ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ബെംഗളൂരു, ചെന്നൈ, ഡൽഹി-എൻസിആർ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് ആദ്യഘട്ടത്തിൽ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന 1,000-ലധികം മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകൾക്ക് പുറമേയാണ് പുതിയ അർബൻ ഫുൾഫിൽമെന്റ് സെന്ററുകൾ സ്ഥാപിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് നിലവിലുള്ളതിനെക്കാൾ നാലിരട്ടി കൂടുതൽ ഉൽപ്പന്നങ്ങൾ മിനിറ്റുകൾക്കുള്ളിൽ ലഭ്യമാക്കാനാകുമെന്ന് കമ്പനി അറിയിച്ചു.
പുതിയ കേന്ദ്രങ്ങളിലൂടെ ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഫാഷൻ, ആഭരണങ്ങൾ, ഗ്രോസറി, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ബേബി കെയർ, പെറ്റ് കെയർ തുടങ്ങി കൂടുതൽ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ അതിവേഗം എത്തിക്കാൻ കഴിയുമെന്ന് ആമസോൺ വ്യക്തമാക്കി. ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ മത്സരശേഷി വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
പ്രൈം ഡേ 2026 ഓഫറുകൾക്ക് മുന്നോടിയായാണ് ഈ വിപുലീകരണം. കൂടാതെ, ഇന്ത്യയിലെ പ്രവർത്തന ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2,800 കോടി രൂപയിലധികം നിക്ഷേപത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്നും ഡെലിവറി ജീവനക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളും ഒരേസമയം വിപുലീകരിക്കുമെന്നും കമ്പനി അറിയിച്ചു.