പി.എഫ് പിൻവലിക്കൽ നിയമങ്ങളിൽ വൻ ഇളവ്
ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) പിൻവലിക്കൽ നടപടികളിൽ നിർണായക മാറ്റങ്ങളുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). പി.എഫ് അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തേണ്ട കുറഞ്ഞ ബാലൻസ് 25 ശതമാനത്തിൽനിന്ന് 10 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗീകാരം നൽകി. ജോലി നഷ്ടപ്പെട്ടവർക്ക് പൂർണ പി.എഫ് തുക പിൻവലിക്കാനുള്ള കാത്തിരിപ്പ് കാലാവധി 12 മാസത്തിൽനിന്ന് രണ്ട് മാസമായും കുറച്ചു. നവംബർ 19-ന് ന്യൂഡൽഹിയിൽ നടന്ന 240-ാമത് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനം.
പുതിയ വ്യവസ്ഥ പ്രകാരം ഭാഗിക പി.എഫ് പിൻവലിക്കലിന് ശേഷം അക്കൗണ്ടിൽ നിലനിർത്തേണ്ട കുറഞ്ഞ തുക 10 ശതമാനമായിരിക്കും. ഇതോടെ അർഹരായ അംഗങ്ങൾക്ക് അവരുടെ പി.എഫ് സമ്പാദ്യത്തിന്റെ കൂടുതൽ ഭാഗം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അംഗങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയാണ് ലക്ഷ്യം.
ജോലി നഷ്ടപ്പെട്ടവർക്ക് രണ്ട് മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം അന്തിമ പി.എഫ് സെറ്റിൽമെന്റിന് അപേക്ഷിക്കാനും പുതിയ തീരുമാനം സഹായിക്കും. നേരത്തേ 12 മാസം കാത്തിരിക്കേണ്ടിയിരുന്ന വ്യവസ്ഥയാണ് മാറ്റുന്നത്. എന്നാൽ പെൻഷൻ തുക അന്തിമമായി പിൻവലിക്കുന്നതിനുള്ള 36 മാസത്തെ കാലാവധിയിൽ മാറ്റമില്ല.
റിട്ടയർമെന്റിന് ശേഷം പി.എഫ് തുക ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ ഗഡുക്കളായി ലഭ്യമാക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (SWP) അവതരിപ്പിക്കാനും ബോർഡ് അംഗീകാരം നൽകി. പിൻവലിക്കാത്ത ശേഷിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നത് തുടരും. വിരമിച്ചശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.
പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ ആവശ്യമായ ഭേദഗതികൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷം വിജ്ഞാപനം പുറപ്പെടുവിക്കും. നികുതി നിയമത്തിലെ അനുബന്ധ ഭേദഗതികൾക്കായി ധനമന്ത്രാലയവുമായി ചർച്ച നടത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.