ന്യൂയോർക്കിൽ മേയർ സൊഹ്റാൻ മാംദാനിയുടെ രൂപസാദൃശ്യമത്സരം; നൂറുകണക്കിന് പേർ പങ്കെടുത്തു

 
World

ന്യൂയോർക്ക് സിറ്റിയിലെ വാഷിങ്ടൺ സ്ക്വയർ പാർക്കിന് സമീപം മേയർ സൊഹ്റാൻ മാംദാനിയുടെ രൂപസാദൃശ്യമത്സരം സംഘടിപ്പിച്ചു. ഞായറാഴ്ച നടന്ന മത്സരത്തിൽ നൂറുകണക്കിന് ആളുകളാണ് കാണികളായി എത്തിയത്. 

മാംദാനിയുമായി രൂപസാദൃശ്യമുള്ള ഒമ്പത് പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മാംദാനി പ്രചാരണകാലത്ത് ധരിച്ചിരുന്ന ബ്രൗൺ സ്യൂട്ട്, ചുവപ്പ്-കറുപ്പ് ടൈ, താടി, ഹെയർസ്റ്റൈൽ തുടങ്ങിയവ അനുകരിച്ചാണ് പലരും എത്തിയത്. ഒരാൾ 2019ൽ മാംദാനി അഭിനയിച്ച സംഗീതവീഡിയോയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലും എത്തി. 

ന്യൂയോർക്ക് നിക്സ് ജഴ്സി സ്യൂട്ടിനുള്ളിൽ ധരിച്ച് മാംദാനിയുടേതിന് സമാനമായ ഹെയർസ്റ്റൈലും താടിയുമായി എത്തിയ അമദിയോ ഫുസ്കയാണ് മത്സരത്തിൽ വിജയിച്ചത്. അദ്ദേഹത്തിന് 100 ഡോളർ സമ്മാനമായി ലഭിച്ചു. മത്സരാർഥികളോട് ചോദിച്ച ഏക ചോദ്യം അവരുടെ ഇഷ്ടപ്പെട്ട പിസ ഏതാണ് എന്നതായിരുന്നു; കാണികളുടെ കൈയടിയുടെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുത്തത്. 

പാർക്കിനുള്ളിൽ പരിപാടി നടത്താൻ അനുമതി ഇല്ലാത്തതിനാൽ പൊലീസ് സംഘത്തെ പുറത്തേക്ക് മാറ്റി. തുടർന്ന് പാർക്കിന് സമീപത്താണ് മത്സരം നടന്നത്. മാംദാനിയുടെ ജനപ്രീതിയും സോഷ്യൽ മീഡിയയിലെ സ്വാധീനവും പ്രകടമാക്കുന്ന മറ്റൊരു ഉദാഹരണമായാണ് പരിപാടിയെ വിലയിരുത്തുന്നത്.