എൻവിഡിയ ഓഹരികളിൽ ദശലക്ഷങ്ങളുടെ നിക്ഷേപം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എൻവിഡിയയുടെ ഓഹരികളിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയതിന് പിന്നാലെ ചൈനയിലേക്ക് നൂതന എ.ഐ ചിപ്പുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ നടപടി വിവാദമാകുന്നു. അമേരിക്കയുടെ ചൈന നയത്തിൽ എൻവിഡിയയ്ക്ക് ഗുണകരമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് ട്രംപ് ഓഹരികൾ വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2025 മേയിൽ ജോ ബൈഡൻ ഭരണകൂടം കൊണ്ടുവന്ന എ.ഐ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾ ട്രംപ് ഭരണകൂടം പിൻവലിച്ചിരുന്നു. ഇതോടെ എൻവിഡിയയ്ക്ക് ചൈനയിലേക്ക് കൂടുതൽ നൂതന ചിപ്പുകൾ വിൽക്കാനുള്ള സാധ്യത തുറന്നു. ഈ തീരുമാനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ട്രംപ് 10 ലക്ഷം മുതൽ 50 ലക്ഷം ഡോളർ വരെ മൂല്യമുള്ള എൻവിഡിയ ഓഹരികൾ വാങ്ങിയെന്നാണ് സാമ്പത്തിക വെളിപ്പെടുത്തൽ രേഖകൾ വ്യക്തമാക്കുന്നതായി റിപ്പോർട്ട്.
പിന്നീട് എൻവിഡിയയുടെ എച്ച്200 (H200) ചിപ്പുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ട്രംപ് അനുമതി നൽകി. ചൈനയുടെ എ.ഐ വികസനത്തിന് വലിയ കരുത്ത് പകരാൻ ശേഷിയുള്ളതാണ് ഈ ചിപ്പുകളെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷയെയും സാങ്കേതിക മേധാവിത്വത്തെയും ബാധിക്കാവുന്ന തീരുമാനമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ട്രംപിന്റെ വ്യക്തിഗത നിക്ഷേപങ്ങളും പ്രസിഡന്റെന്ന നിലയിൽ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ഓഹരി ഇടപാടുകൾ മൂന്നാം കക്ഷികളാണ് നിയന്ത്രിക്കുന്നതെന്നും നിക്ഷേപ തീരുമാനങ്ങളിൽ ട്രംപിനോ കുടുംബത്തിനോ നേരിട്ട് പങ്കില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. വ്യക്തിഗത സാമ്പത്തിക താൽപര്യങ്ങളും ദേശീയ സുരക്ഷാ തീരുമാനങ്ങളും തമ്മിലുള്ള താൽപര്യസംഘർഷത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്.