മിഥുൻ മൻഹാസ് പുതിയ ബിസിസിഐ പ്രസിഡന്റ്; മലയാളിയായ ജയേഷ് ജോർജ്ജ് വനിതാ പ്രീമിയർ ലീഗ് ചെയർമാനായി നിയമിതനായി


ന്യൂഡൽഹി: മുൻ ഡൽഹി ക്യാപ്റ്റനും ആഭ്യന്തര ക്രിക്കറ്റ് ഇതിഹാസവുമായ മിഥുൻ മൻഹാസിനെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി നിയമിച്ചു. റോജർ ബിന്നി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ രാജീവ് ശുക്ല വൈസ് പ്രസിഡന്റായി തുടരും. കരിയറിൽ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള മൻഹാസ് ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഒരു ഇമെയിൽ വഴി മിഥുൻ മൻഹാസിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കായിക ജീവിതത്തിൽ മിഥുൻ ഐപിഎല്ലിൽ മൂന്ന് ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ചിട്ടുണ്ട് - ഡൽഹി ഡെയർഡെവിൾസ് പൂനെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്. ആഭ്യന്തര ഫോർമാറ്റിൽ മികച്ച ഫോം പ്രകടിപ്പിച്ചിട്ടും, മിഥുന് ദേശീയ ടീമിൽ നിന്ന് ഒരിക്കലും വിളി ലഭിച്ചില്ല. 2022 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സെലക്ഷൻ കമ്മിറ്റിയിലേക്ക് രണ്ട് പുതിയ സെലക്ടർമാരെ ബിസിസിഐ പ്രഖ്യാപിച്ചു. ആർപി സിംഗും പ്രഗ്യാൻ ഓജയുമാണ് സെലക്ഷൻ പാനലിലെ പുതിയ അംഗങ്ങൾ. നിലവിലുള്ള സെലക്ടർമാരായ ശിവ് സുന്ദർ ദാസ്, അജിത് അഗാർക്കർ, അജയ് രത്ര എന്നിവർക്കൊപ്പം ഇനി അവർ സെലക്ഷൻ പാനലിൽ അംഗമാകും.
റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതിയ നിയമനങ്ങൾ നടത്തിയത്. 70 വയസ്സ് തികഞ്ഞതിന് ശേഷം അദ്ദേഹം രാജിവച്ചു. തുടർന്ന് സെപ്റ്റംബർ 20 ന് ഡൽഹിയിൽ നടന്ന അനൗദ്യോഗിക യോഗത്തിൽ മിഥുൻ മൻഹാസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അതേസമയം, വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ ചെയർമാനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിൽ ഒരു മലയാളി ഒരു പ്രധാന സ്ഥാനത്ത് എത്തുന്നതിന്റെ പ്രത്യേകത ഈ വർഷത്തെ തിരഞ്ഞെടുപ്പിനുണ്ട്.