‘ഖലീഫ’യിൽ മോഹൻലാലിന്റെ കഥാപാത്രം നിർണായകം; രണ്ടാം ഭാഗത്തിലേക്ക് വലിയ സൂചന നൽകി പൃഥ്വിരാജ്
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘ഖലീഫ’യിൽ മോഹൻലാലിന്റെ കഥാപാത്രം വെറും അതിഥിവേഷമല്ലെന്ന് പൃഥ്വിരാജ്. മംബർകൽ അഹമ്മദ് അലി എന്ന കഥാപാത്രം ചിത്രത്തിന്റെ കഥയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാൽ അവതരിപ്പിക്കുന്ന അഹമ്മദ് അലി, പൃഥ്വിരാജിന്റെ അമീർ അലിയുടെ മുത്തച്ഛനായാണ് എത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രമാണ് കഥയിലെ വലിയൊരു സംഘർഷത്തിന് തുടക്കമിടുന്നതെന്നും പൃഥ്വിരാജ് സൂചന നൽകി.
‘ഖലീഫ’ ഒരു മുഴുനീള ആക്ഷൻ ചിത്രം മാത്രമല്ലെന്നും കുടുംബബന്ധങ്ങൾക്കും വൈകാരികതയ്ക്കും പ്രധാന്യം നൽകുന്ന കഥയാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കും വലിയ പ്രാധാന്യമുണ്ടാകും.
ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ആദ്യഭാഗമായ ‘ഖലീഫ’ ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തും. രണ്ടാം ഭാഗം ‘ഖലീഫ: ഹിസ് റെയിൻ’ ആയി എത്തുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന സൂചനയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ നൽകുന്നത്.