ലോഞ്ചിന് മാസങ്ങൾ ബാക്കി; ഐഫോൺ 18 പ്രോയുടെ വിവരങ്ങൾ ചോർന്നു, പിന്നിൽ ടാറ്റ ഇലക്ട്രോണിക്സിലെ സൈബർ ആക്രമണം

 
Technology

ആപ്പിളിന്റെ അടുത്ത തലമുറ സ്മാർട്ട്ഫോണായ iPhone 18 Pro ഔദ്യോഗികമായി അവതരിപ്പിക്കാൻ മാസങ്ങൾ ബാക്കിയിരിക്കെ, ഫോണുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും ചിത്രങ്ങളും ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ആപ്പിളിന്റെ പ്രധാന നിർമാണ പങ്കാളിയായ ടാറ്റ ഇലക്ട്രോണിക്സ് നേരിട്ട റാൻസംവെയർ സൈബർ ആക്രമണത്തെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തായതെന്നാണ് റിപ്പോർട്ടുകൾ. 

'വേൾഡ് ലീക്സ്' (World Leaks) എന്ന ഹാക്കർ സംഘം ടാറ്റ ഇലക്ട്രോണിക്സിൽ നിന്ന് 2 ലക്ഷത്തിലധികം രഹസ്യ ഫയലുകൾ മോഷ്ടിച്ച് ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചതായി അവകാശപ്പെട്ടു. ചോർന്ന വിവരങ്ങളിൽ iPhone 18 Proയുടെ ഘടകങ്ങളുടെ പട്ടിക, വിതരണക്കാരുടെ വിവരങ്ങൾ, ഡ്രോപ്പ് ടെസ്റ്റ് ചിത്രങ്ങൾ, നിർമ്മാണ രേഖകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ആപ്പിളിന്റെ ഉൽപ്പന്ന വികസനവും വിതരണ ശൃംഖലയും സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ് കമ്പനിയുടെ പതിവ്. അതിനാൽ ഈ ചോർച്ച കമ്പനിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ തുടർന്ന് ടാറ്റ ഇലക്ട്രോണിക്സ് ആഭ്യന്തര സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയും ഫോറൻസിക് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തിൽ ആപ്പിളും ടാറ്റ ഇലക്ട്രോണിക്സും ചേർന്ന് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, iPhone 18 Proയുടെ ലോഞ്ച് തീയതിയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം, ചോർന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്ന നടപടികളും തുടരുകയാണ്.