ഡൽഹിയിലെ 40 ലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ തിരിച്ചയച്ചു

 
Delhi
Delhi

ന്യൂഡൽഹി: ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. സ്‌കൂൾ അധികൃതർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരയിലെ ഡൽഹി പബ്ലിക് സ്‌കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളിനുമാണ് ആദ്യം ഭീഷണിയുണ്ടായത്. തിങ്കളാഴ്ച രാവിലെ 6.15നാണ് ആദ്യ സന്ദേശം ലഭിച്ചത്. ഈ സമയം നിരവധി കുട്ടികളും ജീവനക്കാരും സ്‌കൂളിൽ എത്തിയിരുന്നു. എല്ലാവരെയും തിരിച്ചയച്ചു.

ജിഡി ഗോയങ്ക സ്കൂളിനാണ് ആദ്യം സന്ദേശം ലഭിച്ചത്. ഉടൻ അഗ്നിശമനസേനയെ അറിയിച്ചു. പിന്നീട് ഡൽഹി പബ്ലിക് സ്കൂളിൽ രാവിലെ 7.6 ന് സന്ദേശം ലഭിക്കുകയും അവർ അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു. പോലീസ് ഫയർഫോഴ്സ് ബോംബും ഡോഗ് സ്ക്വാഡും തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിലെ കടകൾക്കും സമീപത്തെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

അടുത്ത ദിവസം ഒക്‌ടോബർ 21ന് എല്ലാ സിആർപിഎഫ് സ്‌കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശം അയച്ചു. എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി.