മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സിനിമാ ടിക്കറ്റുകൾക്ക് 200 രൂപയിൽ കൂടുതൽ വില പാടില്ല; കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

 
Enter

ബെംഗളൂരു: കർണാടക സർക്കാർ സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളിലെ സിനിമാ ടിക്കറ്റുകൾക്ക് വില പരിധി ഏർപ്പെടുത്തി. ടിക്കറ്റ് വില 200 രൂപയിൽ കൂടരുതെന്ന് ഉത്തരവിൽ പറയുന്നു. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ കർണാടകയിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഭാഷകളിലെയും സിനിമകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ടിക്കറ്റ് വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന സിനിമാ നിർമ്മാതാക്കൾക്ക് പുതിയ നീക്കം ഒരു തിരിച്ചടിയാണ്.

സംസ്ഥാന ബജറ്റ് പ്രഖ്യാപന വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ സിനിമാ തിയേറ്ററുകളിലെയും ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. മുമ്പ് സമാനമായ വില പരിധി ഏർപ്പെടുത്തിയിരുന്നുവെങ്കിലും അത് ശരിയായി നടപ്പാക്കിയിരുന്നില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടിക്കറ്റ് വിലയിൽ കുത്തനെ വർധനയുണ്ടായിട്ടുണ്ട്. റിലീസ് ദിവസം ചില സിനിമകളുടെ ടിക്കറ്റുകൾ 600 രൂപ വരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിലൂടെ എല്ലാ സിനിമാപ്രേമികൾക്കും ടിക്കറ്റുകൾ താങ്ങാനാവുന്ന വിലയിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പുതിയ നിയമം ഉടൻ സംസ്ഥാനത്ത് നടപ്പിലാക്കും.