റബറിൻ്റെ താങ്ങുവില 10 രൂപ വർധിപ്പിച്ച് 180 രൂപയാക്കി കർഷകർക്ക് നേരിയ ആശ്വാസം

 
Rubber

തിരുവനന്തപുരം: റബറിൻ്റെ താങ്ങുവില 10 രൂപ വർധിപ്പിച്ച് 180 രൂപയാക്കി ധനമന്ത്രി പ്രഖ്യാപിച്ചു. കർഷകന് അൽപം ആശ്വാസം പകരുന്ന ബജറ്റ് അവതരണ വേളയിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നിലവിൽ റബറിൻ്റെ താങ്ങുവില 170 രൂപയാണ്. താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാരിൻ്റെ സഹായം തേടിയിട്ടും പിന്തുണ ലഭിക്കാത്തതിനെ വിമർശിച്ച ധനമന്ത്രി, സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി ഉയർത്തുകയാണെന്ന് പറഞ്ഞു.

ബജറ്റിൽ റബറിൻ്റെ താങ്ങുവില കിലോയ്ക്ക് 200 രൂപയായി ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. റബർ കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തുമായിരുന്നു ഇത്.

റബ്ബർ വിലസ്ഥിരതാ ഫണ്ടിലേക്ക് മുൻവർഷത്തേക്കാൾ കൂടുതൽ തുക ബജറ്റിലും വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. താങ്ങുവില 250 രൂപയാക്കണമെന്ന് വിവിധ ക്രിസ്ത്യൻ സഭാനേതാക്കളും ഭരണകക്ഷിയായ കേരള കോൺഗ്രസ് എമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് 9.5 ലക്ഷം റബർ കർഷകരുണ്ട്. ടാപ്പ് ചെയ്യേണ്ട റബ്ബറിൻ്റെ വിസ്തൃതി 2015-16ൽ 2,96,465 ഹെക്ടറിൽ നിന്ന് 2021-22ൽ 3,55,700 ഹെക്ടറായി ഉയർന്നു. ഉത്പാദനവും 4,38,630 ടണ്ണിൽ നിന്ന് 5,56,600 ടണ്ണായി ഉയർന്നു.

കേരളത്തിൽ ഉൽപ്പാദനം വർധിക്കുമ്പോൾ കേന്ദ്രസർക്കാരിൻ്റെ അനിയന്ത്രിതമായ റബ്ബർ ഇറക്കുമതി കർഷകർക്ക് തിരിച്ചടിയായെന്ന് ആക്ഷേപമുണ്ട്. ഇറക്കുമതി 2015-16ൽ 4,58,374 ടണ്ണിൽ നിന്ന് 2021-22ൽ 5,46,361 ടണ്ണായി ഉയർന്നു. ഇതിൽ 40.5 ശതമാനവും ആസിയാൻ കരാറിൻ്റെ ഭാഗമായി തീരുവയില്ലാതെ ഇറക്കുമതി ചെയ്‌തതാണ്. ഈ സാഹചര്യത്തിലാണ് താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായത്.