'അനന്തൻ കാട്' ചിത്രത്തിൽ മുരളി ഗോപിയുടെ പവർഫുൾ കഥാപാത്രം; ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി
ആര്യ നായകനാകുന്ന ബഹുഭാഷാ ആക്ഷൻ ചിത്രമായ 'അനന്തൻ കാട്' റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ മുരളി ഗോപിയുടെ കഥാപാത്ര വീഡിയോ പുറത്തിറക്കി. ചിത്രത്തിൽ 'തങ്കരാജ് പൊന്നപ്പൻ' എന്ന ശക്തമായ കഥാപാത്രമായാണ് മുരളി ഗോപി എത്തുന്നത്. വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംവിധായകൻ ജിയെൻ കൃഷ്ണകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആക്ഷൻ, രാഷ്ട്രീയം, വികാരം എന്നിവ സമന്വയിപ്പിച്ച ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കും 'അനന്തൻ കാട്' എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ആര്യയെ കൂടാതെ ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ, അപ്പാനി ശരത്ത്, വിജയരാഘവൻ, റെജിന കാസാണ്ട്ര, സുനിൽ, അജയ്, അച്യുത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് അവതരിപ്പിക്കുന്നത്. ബി. അജനീഷ് ലോക്നാഥാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജൂൺ 25-ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യും.