'എന്റെ സങ്കടം കണ്ണീർ കണ്ടല്ല അളക്കേണ്ട'; വിമർശകർക്കുള്ള മറുപടിയുമായി എസ്. ജാനകിയുടെ കൊച്ചുമകൾ അപ്സര

 
Entertainment

ഗായിക എസ്. ജാനകിയുടെ നിര്യാണത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര വൈദ്യുല. തന്റെ സങ്കടം കണ്ണീരിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും, ഓരോരുത്തരും ദുഃഖം പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും അപ്സര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ കണ്ണിൽ കണ്ണീർ കാണുന്നില്ലെന്ന കാരണം പറഞ്ഞ് എന്റെ ദുഃഖത്തെ ചോദ്യം ചെയ്യുന്നവരെ കണ്ടു. എന്റെ മുത്തശ്ശിയോടുള്ള സ്നേഹം നിങ്ങൾ കാണുന്ന കണ്ണീർകൊണ്ട് അളക്കരുത്. ദുഃഖം എല്ലായ്പ്പോഴും ഉച്ചത്തിലുള്ളതല്ല. ചിലപ്പോൾ അത് നിശ്ശബ്ദവും ആഴത്തിലുള്ളതുമായ വ്യക്തിപരമായ അനുഭവമാണ്," എന്നാണ് അപ്സര കുറിച്ചത്. എസ്. ജാനകി മരണത്തെ ആത്മീയമായ കാഴ്ചപ്പാടിൽ കാണാൻ കുടുംബത്തെ പഠിപ്പിച്ചിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു. 

2023-ൽ അന്തരിച്ച തന്റെ മൂത്ത സഹോദരി വർഷയെയും അപ്സര കുറിപ്പിൽ അനുസ്മരിച്ചു. മുത്തശ്ശിയുമായി ഏറ്റവും അടുത്ത ബന്ധം വർഷയ്ക്കായിരുന്നുവെന്നും, ഇന്ന് മുത്തശ്ശിയെ പരിചരിക്കേണ്ടത് യഥാർത്ഥത്തിൽ അവളായിരിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. വർഷയുടെ വിയോഗത്തിൽ നിന്ന് കുടുംബം ഇന്നും മുക്തമായിട്ടില്ലെന്നും, ഇപ്പോൾ മുത്തശ്ശിയും വർഷയും ഒരുമിച്ചിരിക്കുന്നുവെന്ന ചിന്ത മാത്രമാണ് ആശ്വാസമെന്നും അപ്സര കൂട്ടിച്ചേർത്തു.