രണ്ടുവർഷമായി കാണാതായ ഭാര്യയുടെ മൃതദേഹം മറച്ചുവെച്ചെന്ന് സമ്മതിച്ച് നരേഷ് ഭട്ട്
വാഷിങ്ടൺ: രണ്ടുവർഷത്തിലേറെയായി കാണാതായ ഭാര്യ മംത കാഫ്ലെ ഭട്ടിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ് നരേഷ് ഭട്ട്. അമേരിക്കയിലെ വിർജീനിയ കോടതിയിൽ വിചാരണയ്ക്കിടെ ഭാര്യ മരിച്ച നിലയിൽ കണ്ടെത്തിയെന്നും മൃതദേഹം മുറിച്ച് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ചെന്നും ഇയാൾ മൊഴി നൽകി. എന്നാൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണം നരേഷ് ഭട്ട് നിഷേധിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം മറച്ചുവെച്ചത് ഭയം മൂലമാണെന്നുമാണ് ഇയാളുടെ വാദം.
2024 ജൂലൈ 30-ന് പുലർച്ചെ കിടപ്പുമുറിയിൽ ഭാര്യയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് നരേഷ് കോടതിയിൽ പറഞ്ഞത്. വിഷവസ്തുവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടതായും ഒരു മണിക്കൂറോളം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ഇയാൾ അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ച് അടിയന്തര സഹായം തേടാതെ മൃതദേഹം മറച്ചുവെക്കാൻ തീരുമാനിച്ചതായും വിചാരണയ്ക്കിടെ സമ്മതിച്ചു. മൃതദേഹം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഇയാൾ അംഗീകരിച്ചിട്ടുണ്ട്.
നേപ്പാൾ സ്വദേശിനിയായ മംത കാഫ്ലെ ഭട്ട് അമേരിക്കയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. 28 വയസ്സുകാരിയായ മംതയെ 2024 ജൂലൈയിലാണ് കാണാതായത്. ഓഗസ്റ്റ് അഞ്ചിനാണ് ഭർത്താവ് ഇവരെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. തുടക്കത്തിൽ ഭാര്യ ന്യൂയോർക്കിലേക്കോ ടെക്സാസിലേക്കോ പോയിരിക്കാമെന്നായിരുന്നു നരേഷിന്റെ വിശദീകരണം. എന്നാൽ പിന്നീട് അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. മംതയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
കോടതിയിലെ പുതിയ മൊഴി നേരത്തെയുള്ള നരേഷിന്റെ വിശദീകരണങ്ങളിൽനിന്നുള്ള വലിയ മാറ്റമാണ്. ഭാര്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടാണ് ഇയാൾ ഇപ്പോഴും സ്വീകരിക്കുന്നത്. എന്നാൽ പ്രോസിക്യൂഷൻ ഇയാളുടെ വാദങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്. കൊലപാതകം, മൃതദേഹം മറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് വിചാരണ നടക്കുന്നത്. കേസിൽ അന്തിമവിധി വരാനിരിക്കെ നരേഷിന്റെ പുതിയ വെളിപ്പെടുത്തൽ അമേരിക്കൻ നിയമവൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.