ചുമർചിത്ര സംരക്ഷണത്തിന് നയരൂപീകരണവും ബോധവത്കരണവും വേണം: അടൂർ ഗോപാലകൃഷ്ണൻ

പരമ്പരാഗതകലയിൽ നിന്ന് വിജ്ഞാനസമ്പദ് വ്യവസ്ഥ വരെ;  കേരള ചുമർചിത്രകലയിൽ ദേശീയ സെമിനാർ

 
Adoor

തിരുവനന്തപുരം: കേരളീയ പാരമ്പര്യത്തിൻ്റെ ചരിത്രശേഷിപ്പുകളായ ചുമർചിത്രങ്ങളുടെ സംരക്ഷണത്തിനായി സർക്കാർതലത്തിൽ നയരൂപീകരണവും നിയമനിർമാണവും വേണമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. നമ്മുടെ ചരിത്രസമ്പത്തായ ഇത്തരം ചിത്രങ്ങൾ പലയിടങ്ങളിലും നാശത്തിൻ്റെ വക്കിലാണ്. ഇവയെ വരും തലമുറയ്ക്കായി ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിന് വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ ഉണ്ടാവണം.

ചുമർചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനായി ബോധവത്കരണശ്രമങ്ങളും ഉണ്ടാവണമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ വാസ്തുവിദ്യാ ഗുരുകുലം തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന “കേരളീയ ചുമർചിത്രകല - ഇന്നലെ, ഇന്ന്, നാളെ” എന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനച്ചടങ്ങിൽ സാംസ്കാരികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചുമർചിത്ര കലാകാരനുമായ ഡോ. രാജൻ ഖോബ്രാഗഡേ ഐഎഎസ് മുഖ്യാതിഥിയായി. നാഷണൽ മ്യൂസിയം മുൻ ഡയറക്ടർ ഡോ. വേലായുധൻ നായർ, ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ, എഎസ്ഐ മുൻ അഡീഷണൽ ഡയറക്ടർ ഡോ. നമ്പിരാജൻ എന്നിവരെ ആദരിച്ചു. വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ അധ്യക്ഷനായ ചടങ്ങിൽ വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., കൺസൽറ്റൻ്റ് ഫാക്കൽറ്റി ശശി എടവരാട്, ഫാക്കൽറ്റി ദീപ്തി പി.ആർ., മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടു ദിവസങ്ങളിലായി ചുമർചിത്രകലയുടെ വിവിധ തലങ്ങൾ സംബന്ധിച്ച് പ്രബന്ധ അവതരണങ്ങളും ഗ്രൂപ്പ് ചർച്ചകളും സെമിനാറിൽ നടക്കുന്നുണ്ട്. “ചുമർ ചിത്ര കല - സാമ്പത്തിക - വിജ്ഞാന - തൊഴിൽ മേഖലകളിലെ സാധ്യതകളും പരിമിതികളും” എന്ന വിഷയത്തിലെ ഓപ്പൺ ഫോറം കലാകാരരുടേയും വിദ്യാർത്ഥികളുടേയും സജ്ജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രണ്ടാം ദിനമായ ഞായറാഴ്ച്ച പ്രബന്ധ അവതരണങ്ങൾക്ക് പുറമേ കേരളീയ - ഭാരതീയ ചുമർചിത്രകലയെ കുറിച്ച് ക്വിസ് മത്സരവും നടക്കും. രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്ക് ക്വിസ്സിൽ പങ്കെടുക്കാം. പ്രൈസ് മണി ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളുണ്ടാവും.

ഞായറാഴ്ച്ച വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായിക വിധു വിൻസെൻ്റ്, ശ്രീ ശങ്കര സംസ്കൃത സർവകലാശാല ചുമർ ചിത്ര വിഭാഗം തലവൻ ഡോ. സാജു തുരുത്തിൽ, ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾ ഡോ. കെ.യു. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.