NEET-PG 2026: ഒറ്റ ഷിഫ്റ്റ് പരീക്ഷ, പുതുക്കിയ പരീക്ഷാ മാതൃക; പ്രധാന മാറ്റങ്ങൾ അറിയാം

 
Education

2026-ലെ നീറ്റ്-പിജി (NEET-PG) പരീക്ഷയിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) നിരവധി നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷ ഇനി ഒറ്റ ഷിഫ്റ്റിലായിരിക്കും നടക്കുക. പരീക്ഷാകേന്ദ്രങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതിലൂടെ ഭൂരിഭാഗം ഉദ്യോഗാർഥികൾക്കും സ്വന്തം പ്രദേശത്തിന് സമീപം തന്നെ പരീക്ഷാകേന്ദ്രം ലഭ്യമാക്കാനാണ് ലക്ഷ്യം. 

പുതിയ പരീക്ഷാ മാതൃക പ്രകാരം ചോദ്യങ്ങളുടെ എണ്ണം 200-ൽ നിന്ന് 180 ആയി കുറച്ചു. എന്നാൽ പരീക്ഷയുടെ ആകെ ദൈർഘ്യമായ 3 മണിക്കൂർ 30 മിനിറ്റിൽ മാറ്റമില്ല. ഇതോടെ ഓരോ ചോദ്യത്തിനും കൂടുതൽ സമയം ലഭിക്കും. പരീക്ഷ അഞ്ച് സമയപരിധിയുള്ള വിഭാഗങ്ങളായിരിക്കും, ശരിയുത്തരത്തിന് നാല് മാർക്കും തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറയ്ക്കുന്ന രീതിയും തുടരും. 

പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്ന രീതിയിലും മാറ്റമുണ്ട്. മുമ്പ് നഗരങ്ങൾ തിരഞ്ഞെടുക്കുന്നതിനുപകരം ഇനി ഉദ്യോഗാർഥികൾക്ക് സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കേണ്ടിവരും. അപേക്ഷാ തിരുത്തൽ, സിറ്റി ഇന്റിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവയ്ക്കുള്ള പുതുക്കിയ ഷെഡ്യൂളും NBEMS പുറത്തിറക്കിയിട്ടുണ്ട്.