പുതിയ ശക്തിയേറിയ മൈക്രോസ്കോപ്പ്; കുടൽരോഗങ്ങളുടെ കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് പ്രതീക്ഷ
ഭേദമാക്കാൻ നിലവിൽ പൂർണമായ ചികിത്സയില്ലാത്ത കുടൽരോഗങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക മൈക്രോസ്കോപ്പ് ശാസ്ത്രലോകത്ത് അവതരിപ്പിച്ചു. ബ്രിട്ടനിലെ റോസലിൻഡ് ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ച പുതിയ മൈക്രോസ്കോപ്പിന് ‘ക്യൂറി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സാധാരണ പ്രകാശ മൈക്രോസ്കോപ്പുകളേക്കാൾ ഏകദേശം പത്തിരട്ടി മികച്ച ദൃശ്യവിവരങ്ങൾ നൽകാൻ ഇതിന് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഏകദേശം 20 നാനോമീറ്റർ വരെ വലുപ്പമുള്ള ഘടനകൾ നിരീക്ഷിക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യശരീരത്തിലെ ജീവനുള്ള കോശങ്ങളെ കൂടുതൽ വിശദമായി പഠിക്കാനാകും. പ്രത്യേകിച്ച് കുടലിലെ കോശങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീൻ ഘടനകളെയാണ് ഗവേഷകർ ഇപ്പോൾ നിരീക്ഷിക്കുന്നത്. ഭ്രൂണാവസ്ഥ മുതൽ പ്രായപൂർത്തിയാകുന്നതുവരെ കുടൽ കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സംഘം പഠിക്കും.
ക്രോൺസ് രോഗം ഉൾപ്പെടെയുള്ള ദീർഘകാല കുടൽവീക്ക രോഗങ്ങളുടെ പിന്നിലെ യഥാർഥ ജൈവിക മാറ്റങ്ങൾ കണ്ടെത്തുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. രോഗബാധിതമായ കോശങ്ങളിൽ സാധാരണ പ്രവർത്തനങ്ങളിൽ നിന്ന് എന്താണ് മാറുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ, ഭാവിയിൽ കൂടുതൽ കൃത്യമായ ചികിത്സകൾ വികസിപ്പിക്കാൻ അത് സഹായിച്ചേക്കാം.
ജീവനുള്ള കോശങ്ങളെ ശരീരത്തിനുള്ളിലെ സാഹചര്യങ്ങളോട് കഴിയുന്നത്ര സാമ്യമുള്ള താപനിലയിൽ പഠിക്കാൻ കഴിയുന്നതാണ് മൈക്രോസ്കോപ്പിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ രോഗബാധിതമായ കോശങ്ങളുടെ പ്രവർത്തനം കൂടുതൽ സ്വാഭാവിക സാഹചര്യത്തിൽ നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കും.
പുതിയ ഗവേഷണ സൗകര്യത്തിനായി ബ്രിട്ടീഷ് സർക്കാർ 6.7 കോടി പൗണ്ട് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഭാവിയിലെ ചികിത്സാരീതികൾക്ക് പുതിയ വഴികൾ തുറക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.