16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ ന്യൂസിലൻഡ്; പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴ
16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കുന്നതിനുള്ള നിയമനിർമാണവുമായി ന്യൂസിലൻഡ് സർക്കാർ മുന്നോട്ട്. കുട്ടികളെ ഹാനികരമായ ഉള്ളടക്കത്തിൽ നിന്നും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിൽ നിന്നുമാണ് സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി.
നിർദിഷ്ട നിയമപ്രകാരം 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടയാൻ പ്ലാറ്റ്ഫോമുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നതിനായി നിലവിലുള്ള അക്കൗണ്ട് വിവരങ്ങൾ, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ, ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കാനും നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയും നിർദേശത്തിലുണ്ട്.
സോഷ്യൽ മീഡിയയിലെ ഹാനികരമായ ഉള്ളടക്കം, അമിതമായ ഉപയോഗം, കുട്ടികളിൽ ഉണ്ടാകുന്ന സമ്മർദം എന്നിവ കുടുംബജീവിതത്തെയും മാനസികാരോഗ്യത്തെയും ഉറക്കത്തെയും വിദ്യാഭ്യാസത്തെയും ബാധിക്കുന്നുവെന്നാണ് ന്യൂസിലൻഡ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, നിർദേശത്തിന് രാഷ്ട്രീയ എതിർപ്പും നേരിടേണ്ടിവരുന്നുണ്ട്. ഭരണകക്ഷി സഖ്യത്തിലെ ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നടപ്പാക്കിയ സമാനമായ നിയന്ത്രണം പരാജയമാണെന്നും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാതാപിതാക്കൾക്കാണ് പ്രധാന ഉത്തരവാദിത്തമെന്നും പാർട്ടി നേതാവ് വിൻസ്റ്റൺ പീറ്റേഴ്സ് പ്രതികരിച്ചു.
ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയമപരമായ നിയന്ത്രണം കൊണ്ടുവരാൻ നീങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ന്യൂസിലൻഡും ഇതോടെ ഇടംപിടിച്ചു. ഓസ്‌ട്രേലിയയിൽ 2025 ഡിസംബർ മുതൽ സമാനമായ നിയന്ത്രണം പ്രാബല്യത്തിൽ വന്നിരുന്നു.