ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ എണ്ണവില ആഘാതം ആഗോള കാർബൺ പുറന്തള്ളൽ കുറച്ചു; ഇന്ത്യയിൽ 4.4 ശതമാനം വർധന

 
Science

ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ എണ്ണവില വർധനയും പുനരുപയോഗ ഊർജത്തിന്റെ വ്യാപനവും 2026ൽ ആഗോള ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയാൻ കാരണമാകുമെന്ന് ഗവേഷകർ. ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പുറന്തള്ളൽ 0.4 ശതമാനം കുറയുമെന്നാണ് ഗ്ലോബൽ കാർബൺ ബജറ്റ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. 2020ലെ കോവിഡ് കാലത്തിനുശേഷം ആദ്യമായാണ് വാർഷിക കുറവ് പ്രതീക്ഷിക്കുന്നത്.

ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വിതരണത്തിലുണ്ടായ തടസ്സങ്ങളും എണ്ണവില കുത്തനെ ഉയരാൻ കാരണമായി. ഇതോടെ എണ്ണ ഉപഭോഗം കുറഞ്ഞത് കാർബൺ പുറന്തള്ളലിലും പ്രതിഫലിച്ചു. സൗരോർജം, കാറ്റാടി വൈദ്യുതി, വൈദ്യുത വാഹനങ്ങൾ എന്നിവയുടെ വർധിച്ച ഉപയോഗവും പുറന്തള്ളൽ കുറയാൻ സഹായിച്ചു. അതേസമയം, കൽക്കരി ഉപയോഗത്തിൽ നിന്നുള്ള പുറന്തള്ളൽ 0.6 ശതമാനം വർധിക്കുമെന്നാണ് കണക്ക്.

ആഗോള പ്രവണതയ്ക്ക് വിരുദ്ധമായി ഇന്ത്യയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ 4.4 ശതമാനം ഉയരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൽക്കരി ഉപയോഗത്തിൽ നിന്നുള്ള പുറന്തള്ളൽ 5.9 ശതമാനം വർധിക്കുമെന്നാണ് പ്രവചനം. എണ്ണ ഉപയോഗത്തിൽ നിന്നുള്ള പുറന്തള്ളലിലെ കുറവാണ് ഈ വർധനയുടെ ആഘാതം ഭാഗികമായി കുറയ്ക്കുന്നത്. താരതമ്യേന മഴ കുറഞ്ഞ മൺസൂൺ കാലവും ഉയർന്ന താപനിലയെ തുടർന്നുള്ള തണുപ്പിക്കൽ ആവശ്യകതയും ഇന്ത്യയിലെ ഊർജ ഉപഭോഗം വർധിപ്പിച്ചതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ആഗോള ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറഞ്ഞാലും ഇത് സ്ഥിരമായ മാറ്റത്തിന്റെ സൂചനയല്ലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. എണ്ണവിലയും വിതരണ പ്രതിസന്ധിയും സാധാരണ നിലയിലാകുമ്പോൾ പുറന്തള്ളൽ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ പുനരുപയോഗ ഊർജ സാങ്കേതികവിദ്യകളുടെ വ്യാപനം വേഗത്തിലാക്കുകയാണ് ദീർഘകാല പരിഹാരമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.