ഓണം യാത്രാ തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 പ്രത്യേക ബസുകൾ
ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 അധിക പ്രത്യേക ബസുകൾ സർവീസ് നടത്താൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) തീരുമാനിച്ചു. ഓഗസ്റ്റ് 26ന് തിരുവോണം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്.
ഓഗസ്റ്റ് 21 മുതൽ 25 വരെയാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് അധിക ബസുകൾ സർവീസ് നടത്തുക. നിലവിലുള്ള സർവീസുകൾക്ക് പുറമെയായിരിക്കും ഈ 90 പ്രത്യേക സർവീസുകൾ. ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന ബെംഗളൂരുവിലെ മലയാളികൾക്ക് ഇത് ആശ്വാസമാകും.
ഓണാഘോഷത്തിന് ശേഷം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 30ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക ബസുകൾ സർവീസ് നടത്തും.
ഓണം അടുത്തതോടെ ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് ലഭ്യത കുറയാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് കർണാടക ആർടിസിയുടെ അധിക സർവീസുകൾ. കൂടുതൽ യാത്രക്കാർക്ക് സുഗമമായി നാട്ടിലെത്താൻ ഈ സർവീസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.